അറ്റ്ലാന്റ: വനിതാ ബാസ്കറ്റ്ബോൾ ലീഗിൽ (WNBA) മത്സരത്തിനിടെ റഫറിമാരുമായി രൂക്ഷമായ തർക്കത്തിലേർപ്പെട്ട വാഷിംഗ്ടൺ മിസ്റ്റിക്സ് മുഖ്യപരിശീലകൻ സിഡ്നി ജോൺസനെ പോലീസ് കാവലിൽ മൈതാനത്തുനിന്ന് പുറത്താക്കി. ശനിയാഴ്ച രാത്രി അറ്റ്ലാന്റ ഡ്രീമിനെതിരായ മത്സരത്തിന്റെ മൂന്നാം ക്വാർട്ടറിലായിരുന്നു നാടകീയ സംഭവങ്ങൾ. മത്സരത്തിൽ 109-77 എന്ന സ്കോറിന് വാഷിംഗ്ടൺ മിസ്റ്റിക്സ് കടുത്ത പരാജയം ഏറ്റുവാങ്ങി.

മത്സരത്തിന്റെ മൂന്നാം ക്വാർട്ടറിൽ അറ്റ്ലാന്റ ഡ്രീംസ് 64-43 എന്ന സ്കോറിന് മുന്നിൽ നിൽക്കവെയാണ് സംഭവങ്ങളുടെ തുടക്കം. അറ്റ്ലാന്റ താരം ഏഞ്ചൽ റീസിന്റെ മുന്നേറ്റത്തെ വാഷിംഗ്ടണിന്റെ അലീഷ്യ ഫ്ലോറെസ് ഗെറ്റിനോ ഫൗൾ ചെയ്തതായി റഫറി വിസിലൂതി. ഈ തീരുമാനത്തിൽ പ്രകോപിതനായ കോച്ച് സിഡ്നി ജോൺസൻ റഫറിമാരുമായി കടുത്ത വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു.
സഹപരിശീലകരും ഫോർവേഡ് താരം കിക്കി ഇരിയാഫനും ചേർന്ന് അദ്ദേഹത്തെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ജോൺസൻ ശാന്തനായില്ല. തുടർന്ന് റഫറിമാർ അദ്ദേഹത്തിന് തുടർച്ചയായി രണ്ട് ‘ടെക്നിക്കൽ ഫൗളുകൾ’ വിധിക്കുകയും മത്സരത്തിൽ നിന്ന് പുറത്താക്കുകയുമായിരുന്നു. ഇതിനുശേഷമാണ് മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് അദ്ദേഹത്തെ കോർട്ടിൽ നിന്നും പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.
“എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു, അതിനപ്പുറം ഒന്നും പറയാനില്ല. റഫറിമാർ അവരുടെ ചുമതലയാണ് നിർവഹിച്ചത്,” മത്സരത്തിന് ശേഷം 52 കാരനായ സിഡ്നി ജോൺസൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ കാരണം വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.
ഈ സീസണിലെ വാഷിംഗ്ടൺ മിസ്റ്റിക്സിന്റെ ഏറ്റവും വലിയ പരാജയമാണിത്. ഇതോടെ അവർ 4-5 എന്ന നിലയിലേക്ക് താഴ്ന്നു. അതേസമയം, ഈ വിജയത്തോടെ ഈസ്റ്റേൺ കോൺഫറൻസിൽ മുന്നിൽ നിൽക്കുന്ന അറ്റ്ലാന്റ ഡ്രീംസ് 7-3 എന്ന മികച്ച റെക്കോർഡിലേക്ക് മുന്നേറി.
ജോൺസനെ പുറത്താക്കിയതിനെ തുടർന്ന് സഹപരിശീലകൻ എംറെ വതൻസെവർ ആണ് ബാക്കി സമയങ്ങളിൽ ടീമിന്റെ ചുമതല വഹിച്ചത്. കഴിഞ്ഞ സീസണിൽ (2025) വാഷിംഗ്ടണിന്റെ പരിശീലകനായി ചുമതലയേറ്റ ജോൺസൻ, അതിനുമുമ്പ് ചിക്കാഗോ സ്കൈ ടീമിന്റെ സഹപരിശീലകനായിരുന്നു.
