Tuesday, August 4, 2026

എണ്ണശക്തിയായ ആൽബർട്ടയ്ക്ക് മുന്നിൽ പുതിയ വെല്ലുവിളി; വേർപെട്ടാൽ കയറ്റുമതി പാത എങ്ങനെ?

എഡ്മിന്റൻ: കാനഡയിൽ നിന്ന് ആൽബർട്ട പ്രവിശ്യ വേർപെട്ടുപോയാൽ, കരയാൽ ചുറ്റപ്പെട്ട ഭൂപ്രകൃതി കാരണം പ്രധാന വരുമാന സ്രോതസായ എണ്ണ കയറ്റുമതിയ്ക്ക് മറ്റ് പ്രവിശ്യകളുടെ അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിക്കേണ്ടിവരുമെന്ന് വിദഗ്ധർ. അമേരിക്കയിലേക്കുള്ള ആൽബർട്ടയുടെ ഭൂരിഭാഗം എണ്ണ കയറ്റുമതിയും നിലവിൽ ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ തുടങ്ങിയ പ്രവിശ്യകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈൻ ശൃംഖലകളിലൂടെയാണ് നടക്കുന്നത്.

ആൽബർട്ടയിലെ വേർപാട് അനുകൂലികൾ അമേരിക്കയുമായുള്ള നേരിട്ടുള്ള വ്യാപാരബന്ധമാണ് പ്രധാന നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയ്ക്ക് സമീപമുള്ളതും കുറഞ്ഞ ചെലവിലുള്ള വ്യാപാരപാതകൾ ലഭ്യമാണെന്നുമാണ് അവരുടെ വാദം.

എന്നാൽ യാഥാർഥ്യത്തിൽ ആൽബർട്ടയുടെ എണ്ണ അമേരിക്കയിലേക്ക് എത്തുന്നത് പലപ്പോഴും മറ്റ് കനേഡിയൻ പ്രവിശ്യകളിലൂടെ കടന്നാണ്. കാനഡയിലെ അതിർത്തി കടക്കുന്ന എണ്ണ പൈപ്പ്‌ലൈൻ ശേഷിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ആൽബർട്ടയിൽ നിന്ന് നേരിട്ട് അമേരിക്കയിലേക്ക് പോകുന്നത്. ശേഷിക്കുന്ന ഭൂരിഭാഗം പൈപ്പ്‌ലൈൻ ശൃംഖലകളും ബ്രിട്ടീഷ് കൊളംബിയയിലൂടെയും മാനിറ്റോബയിലൂടെയും കടന്നുപോകുന്നു.

ആൽബർട്ടയുടെ മറ്റൊരു പ്രധാന കയറ്റുമതി ഉൽപന്നമായ പ്രകൃതിവാതകത്തിന്റെ കാര്യത്തിൽ ആശ്രിതത്വം കൂടുതലാണ്. ആൽബർട്ടയിൽ നിന്ന് മൊണ്ടാനയിലേക്ക് നേരിട്ട് പോകുന്ന വാതക പൈപ്പ്‌ലൈൻ ഇല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സ്വതന്ത്ര ആൽബർട്ടയും കാനഡയും തമ്മിൽ ഗതാഗത-വ്യാപാര കരാറുകൾ ഉണ്ടാക്കാൻ സാധിക്കുമെങ്കിലും അതിന് പുതിയ ചർച്ചകൾ ആവശ്യമായി വരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. നിലവിലെ കാനഡയുടെ അന്താരാഷ്ട്ര കരാറുകൾ സ്വതന്ത്ര ആൽബർട്ടയ്ക്ക് സ്വമേധയാ ബാധകമാകില്ലെന്നും പുതിയ രാജ്യത്തിന്റെ വ്യാപാരബന്ധങ്ങൾ പുനഃക്രമീകരിക്കേണ്ടിവരുമെന്നും അന്താരാഷ്ട്ര വ്യാപാര വിദഗ്ധൻ ലോറൻസ് ഹെർമൻ പറഞ്ഞു.

ആൽബർട്ടയിലെ എണ്ണ അമേരിക്കയിലേക്ക് എത്തിക്കാൻ പൈപ്പ്‌ലൈൻ വഴിയുള്ള ഗതാഗത കരാറുകൾ പ്രധാന ചർച്ചാവിഷയമാകാൻ സാധ്യതയുണ്ടെന്ന് മുൻ ഊർജ മന്ത്രി സോണിയ സാവേജ് പറഞ്ഞു. നിലവിലുള്ള പൈപ്പ്‌ലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണ് പുതിയ പാതകൾ നിർമിക്കുന്നതിനേക്കാൾ ചെലവ് കുറഞ്ഞതെന്നും അവർ വ്യക്തമാക്കി.

അതേസമയം, ആൽബർട്ടയ്ക്കും ചർച്ചകളിൽ സ്വന്തം സ്വാധീനമുണ്ടാകുമെന്ന് വേർപാട് അനുകൂല സംഘടനയായ “ലെറ്റ് ആൽബർട്ട ഡിസൈഡ്” നേതാവ് കീത്ത് വിൽസൺ പറഞ്ഞു. ആൽബർട്ടയിലെ എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്ന മറ്റ് കനേഡിയൻ മേഖലകൾ ചർച്ചകളിൽ നിർണായക ഘടകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!