ഫിഫ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെതർലൻഡ്‌സ് ടീമിന് വലിയ തിരിച്ചടി. പരിക്ക് കാരണം പ്രതിരോധ താരം ജൂറിയൻ ടിംബർ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. ഗ്രോയിൻ (groin) പരിക്കിനെത്തുടർന്നാണ് താരത്തിന് ലോകകപ്പിൽ കളിക്കാൻ സാധിക്കാത്തതെന്ന് ഡച്ച് ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി അറിയിച്ചു.

ഉസ്‌ബെക്കിസ്ഥാനുമായുള്ള ലോകകപ്പ് സന്നാഹ മത്സരത്തിന് ശേഷം ടിംബർ ഡച്ച് ക്യാമ്പ് വിടുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഴ്‌സനലിന്റെ താരമായ 24-കാരൻ, പാരീസ് സെന്റ് ജെർമെനുമായുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയിരുന്നു. ഈ മത്സരത്തിന് ശേഷമാണ് പരിക്കിന്റെ തീവ്രത വർദ്ധിച്ചത്.

“മെഡിക്കൽ പരിശോധനകൾക്ക് ശേഷം, ടിംബറിന് ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പരിക്കിൽ നിന്നും വേഗത്തിൽ ഭേദമാകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം,” ടീം വൃത്തങ്ങൾ അറിയിച്ചു.
ടിംബറിന് പകരമായി സണ്ടർലാൻഡ് ഡിഫൻഡർ ലുറ്റ്‌ഷാറെൽ ഗീർട്രൂയിഡയെ (Lutsharel Geertruida) ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലകൻ റൊണാൾഡ് കോമാൻ ഇക്കാര്യം സ്ഥിരീകരിച്ചു. അൾജീരിയയുമായുള്ള മത്സരത്തിന് തൊട്ടുമുമ്പുവരെ ഗീർട്രൂയിഡ ടീമിനൊപ്പമുണ്ടായിരുന്നതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് വലിയ പ്രയാസമുണ്ടാക്കില്ലെന്ന് കോമാൻ പറഞ്ഞു.

ആഴ്‌സനൽ ക്ലബ്ബിനെ കോമാൻ കുറ്റപ്പെടുത്തിയില്ലെങ്കിലും, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടിംബർ കളിച്ചത് പരിക്കിനെ വഷളാക്കി എന്ന് അദ്ദേഹം സമ്മതിച്ചു. ജൂൺ 14-ന് ജപ്പാനെതിരെയാണ് നെതർലൻഡ്‌സിന്റെ ലോകകപ്പ് ഉദ്ഘാടന മത്സരം. തുടർന്ന് സ്വീഡൻ, ടുണീഷ്യ എന്നിവരെയും ഗ്രൂപ്പ് ഘട്ടത്തിൽ നേരിടും.
