Wednesday, June 10, 2026

മെറ്റാഡാറ്റ സൂക്ഷിക്കേണ്ട കാലാവധി കുറയ്ക്കാന്‍ സാധ്യത; c- 22 ബില്ലില്‍ ഭേദഗതിക്ക് ഒരുങ്ങി കാനഡ

ഓട്ടവ: പോലീസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന വിവാദ നിയമനിര്‍മ്മാണത്തില്‍ (Bill C-22) വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി പൊതു സുരക്ഷ മന്ത്രി ഗാരി ആനന്ദസംഗരി. ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഉപഭോക്താക്കളുടെ ഡിജിറ്റല്‍ മെറ്റാഡാറ്റ ഒരു വര്‍ഷം വരെ സൂക്ഷിച്ചുവെക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി. ശക്തമായ ജനരോഷത്തെയും പ്രതിപക്ഷ പ്രതിഷേധങ്ങളെയും തുടര്‍ന്നാണ് ഈ നീക്കം.

ഇമെയിലുകളുടെയോ ടെക്സ്റ്റ് സന്ദേശങ്ങളുടെയോ ഉള്ളടക്കമല്ല മെറ്റാഡാറ്റ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, ഒരാള്‍ എവിടെനിന്ന്, എപ്പോള്‍, ആര്‍ക്കൊക്കെ സന്ദേശങ്ങള്‍ അയച്ചു എന്നതുപോലെയുള്ള ഡിജിറ്റല്‍ വിവരങ്ങളാണ്. എന്നാല്‍ ഈ വിവരങ്ങള്‍ ഒരു വര്‍ഷം വരെ സൂക്ഷിച്ചുവെക്കുന്നത് കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണക്കാരായ കനേഡിയന്‍ പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്ന് ഓട്ടവ സര്‍വ്വകലാശാലയിലെ നിയമ പ്രൊഫസറായ മൈക്കല്‍ ഗീസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് എല്ലാ കനേഡിയന്‍ പൗരന്മാരുടെയും സഞ്ചാരപഥങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന ഒരു ‘നിരീക്ഷണ ഭൂപടം’ നിര്‍മ്മിക്കുന്നതിന് തുല്യമാണെന്നും വിമര്‍ശകര്‍ വാദിച്ചു.

ബില്ലുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുമായും വിദഗ്ദ്ധരുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഡാറ്റ സൂക്ഷിക്കേണ്ട കാലാവധി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്ന് ചൊവ്വാഴ്ച നല്‍കിയ അഭിമുഖത്തില്‍ മന്ത്രി ആനന്ദസംഗരി പറഞ്ഞു. പാര്‍ലമെന്റിന്റെ പബ്ലിക് സേഫ്റ്റി കമ്മിറ്റിയില്‍ ബില്ലിന്റെ ഓരോ വകുപ്പുകളും വിശദമായി പരിശോധിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ചില ഭേദഗതികള്‍ നിര്‍ദ്ദേശിക്കുമെന്നാണ് കരുതുന്നത്.

ആധുനിക കാലത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും കാനഡയിലെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്ക് വിധേയമായിക്കൊണ്ട് പോലീസിന് ആവശ്യമായ നിയമപരമായ ആയുധങ്ങള്‍ നല്‍കുകയാണ് ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ വാദം. എന്നാല്‍ ഇത് പോലീസിനും രഹസ്യാന്വേഷണ ഏജന്‍സിയായ സി.എസ്.ഐ.എസിനും (CSIS) അനാവശ്യമായ അധികാരം നല്‍കുമെന്നും, കാനഡയില്‍ ബിസിനസ്സ് ചെയ്യുന്നതില്‍ നിന്ന് അന്താരാഷ്ട്ര കമ്പനികളെ ഇത് പിന്നോട്ട് അടിപ്പിക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആപ്പിള്‍, മെറ്റാ തുടങ്ങിയ പ്രമുഖ ആഗോള കമ്പനികളും ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!