Wednesday, June 10, 2026

വിനിപെഗിലും പരിസര പ്രദേശങ്ങളിലും ആഞ്ഞടിച്ച് കൊടുങ്കാറ്റും പേമാരിയും; കനത്ത നാശനഷ്ടം

മാനിറ്റോബ: സതേണ്‍ മാനിറ്റോബയിലും വിനിപെഗിലും രാത്രിയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിലും പേമാരിയിലും വ്യാപക നാശനഷ്ടം. മണ്‍സൂണ്‍ കാലത്തിന് സമാനമായ കനത്ത മഴയും മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും ചിലയിടങ്ങളില്‍ ചുഴലിക്കാറ്റും ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡുകളില്‍ വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നതായും ജനജീവിതം പൂര്‍ണ്ണമായി തടസ്സപ്പെട്ടതായും എന്‍വയോണ്‍മെന്റ് കാനഡ വ്യക്തമാക്കുന്നു.

വിനിപെഗിന് തൊട്ടുവടക്കുള്ള സ്റ്റോണ്‍വാളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ 3 മണി വരെ ഇവിടെ 250 മില്ലിമീറ്ററിലധികം മഴ പെയ്തു. വുഡ്ലാന്‍ഡ്സില്‍ 120 മില്ലിമീറ്ററും വിനിപെഗിലെ ദി ഫോര്‍ക്‌സില്‍ 117 മില്ലിമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് വിനിപെഗിലെ അണ്ടര്‍പാസുകളും റോഡുകളും പൂര്‍ണ്ണമായി വെള്ളത്തിനടിയിലാവുകയും വീടുകളുടെ ബേസ്മെന്റുകളില്‍ വെള്ളം കയറുകയും ചെയ്തു.

മഴയ്ക്കൊപ്പം പലയിടങ്ങളിലും ശക്തമായ ആലിപ്പഴ വര്‍ഷവുമുണ്ടായി. വിനിപെഗ്, സാന്‍ഫോര്‍ഡ്, ഓട്ടര്‍ബേണ്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വലിയ രീതിയില്‍ ആലിപ്പഴം പതിച്ചത്. റെഡ് റിവര്‍ വാലി, പാര്‍ക്ക്ലാന്‍ഡ്സ് തുടങ്ങിയ മേഖലകളില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രവിശ്യയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തു.

ആയിരക്കണക്കിന് ഉപഭോക്താക്കളെ ബാധിച്ചുകൊണ്ട് മാനിറ്റോബയില്‍ പലയിടത്തും വൈദ്യുതി ബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. പൊട്ടി വീണ ലൈനുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന അഗ്‌നിശമന സേനാംഗങ്ങളെയും പോലീസിനെയും സഹായിക്കാന്‍ മാനിറ്റോബ ഹൈഡ്രോ കൂടുതല്‍ ജീവനക്കാരെ രംഗത്തിറക്കിയിട്ടുണ്ട്. വരും മണിക്കൂറുകളിലും കാലാവസ്ഥ മോശമായി തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!