Sunday, June 14, 2026

നോവ സ്കോഷ ഡോക്ടർ നിയമനത്തിൽ വൻ മുന്നേറ്റം; അമേരിക്കയിൽ നിന്ന് മാത്രം 33 ഡോക്ടർമാർ, ആരോഗ്യരംഗത്തിന് ആശ്വാസം

ഹാലിഫാക്സ്: കുടുംബ ഡോക്ടർമാരുടെ ക്ഷാമം നേരിടുന്ന കാനഡയിലെ നോവ സ്കോഷ പ്രവിശ്യയിൽ ഡോക്ടർ നിയമനത്തിൽ ശ്രദ്ധേയമായ വർധന. കഴിഞ്ഞ മാർച്ച് 31-ന് അവസാനിച്ച ഒരു വർഷത്തിനിടെ 278 പുതിയ ഡോക്ടർമാരെ നിയമിച്ചതായി പ്രീമിയർ ടിം ഹൂസ്റ്റൺ അറിയിച്ചു.

ഇതിനിടെ വിരമിക്കുകയോ പ്രവിശ്യ വിടുകയോ ചെയ്ത 79 ഡോക്ടർമാരെ കണക്കിലെടുത്താൽ, 199 ഡോക്ടർമാരുടെ ശുദ്ധ വർധനവാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കൂടുതൽ മെഡിക്കൽ സേവനങ്ങളും രോഗികൾക്ക് മികച്ച ചികിത്സാ ലഭ്യതയും ഉറപ്പാക്കുമെന്ന് പ്രീമിയർ പറഞ്ഞു.

പുതുതായി നിയമിതരായവരിൽ 33 പേർ അമേരിക്കയിൽ നിന്നുള്ളവരാണ്. കൂടാതെ 111 കുടുംബ ഡോക്ടർമാരും 167 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ഉൾപ്പെടുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഡോക്ടർ റിക്രൂട്ട്മെന്റ് നിരക്ക് 10 ശതമാനം ഉയർന്നതായും അധികൃതർ അറിയിച്ചു.

ആരോഗ്യരംഗത്തിന്റെ വികസനത്തിനായി സർക്കാർ നടപ്പാക്കുന്ന പദ്ധതികളാണ് കൂടുതൽ ഡോക്ടർമാരെ ആകർഷിക്കുന്നതെന്ന് പ്രീമിയർ വ്യക്തമാക്കി. കേപ് ബ്രെറ്റൺ സർവകലാശാലയിൽ മേയിൽ പ്രവർത്തനം തുടങ്ങിയ പുതിയ മെഡിക്കൽ സ്കൂളും ഇതിൽ പ്രധാന പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. പ്രതിവർഷം 30 വിദ്യാർഥികൾക്ക് ഇവിടെ പ്രവേശനം നൽകും.

മികച്ച ജീവിതനിലവാരവും ജോലി-ജീവിത സന്തുലിതാവസ്ഥയും ലഭിക്കുന്ന പ്രവിശ്യ എന്ന നിലയിൽ നോവ സ്കോഷ അവതരിപ്പിക്കുന്നതും ഡോക്ടർമാരെ ആകർഷിക്കാൻ സഹായിക്കുന്നതായി ഡോക്ടേഴ്സ് നോവ സ്കോഷ പ്രസിഡന്റ് അമാൻഡ മാക്‌ഡൊണാൾഡ് ഗ്രീൻ പറഞ്ഞു. ആരോഗ്യപ്രവർത്തകരെ സമൂഹത്തിന്റെ ഭാഗമാക്കി നിലനിർത്താനായാൽ അവർ ദീർഘകാലം സേവനം തുടരാൻ കൂടുതൽ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

നിലവിൽ ഏകദേശം 60,000 പേരാണ് കുടുംബ ഡോക്ടറെ ലഭിക്കാനായി കാത്തിരിക്കുന്നത്. പുതിയ നിയമനങ്ങൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വിദഗ്ധ ഡോക്ടർമാരുടെയും സ്ത്രീകളുടെ ആരോഗ്യപരിപാലന, മാനസികാരോഗ്യ മേഖലകളിലെയും സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി.

അമേരിക്കയിലെ മസാച്യുസെറ്റ്സിനും നോവ സ്കോഷയിലെ സിഡ്‌നിക്കുമിടയിൽ താമസം പങ്കിടുന്ന ജിം ഡെലെസ്കി എന്ന വ്യക്തി ഇപ്പോഴും കുടുംബ ഡോക്ടർക്കായി കാത്തിരിപ്പ് പട്ടികയിലാണ്. രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളും എം.എസ്. (മൾട്ടിപ്പിൾ സ്ക്ലെറോസിസ്) രോഗനിർണയവും ഉള്ളതിനാൽ ഡോക്ടറുടെ അഭാവം വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രാഥമിക ആരോഗ്യപരിപാലനം കൂടുതൽ ശക്തമാക്കാൻ കുടുംബ ഡോക്ടർമാർ, നഴ്സ് പ്രാക്ടീഷണർമാർ, സോഷ്യൽ വർക്കർമാർ, ഫിസിഷ്യൻ അസിസ്റ്റന്റുമാർ, ഫാമിലി പ്രാക്ടീസ് നഴ്സുമാർ എന്നിവരെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ‘ഹെൽത്ത് ഹോം കെയർ മോഡൽ’ വിപുലീകരിക്കേണ്ടതുണ്ടെന്നും അമാൻഡ മാക്‌ഡൊണാൾഡ് ഗ്രീൻ അഭിപ്രായപ്പെട്ടു.

കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ആരോഗ്യരംഗത്തെ ശക്തിപ്പെടുത്താനുള്ള നടപടികൾ തുടരുമെന്ന് നോവ സ്കോഷ സർക്കാർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!