വിനിപെഗ്: മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി അധികൃതർ. കുടിയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുമ്പോഴും അപേക്ഷകൾ സമർപ്പിക്കുമ്പോഴും ഉദ്യോഗാർത്ഥികൾ അതീവ ജാഗ്രത പാലിക്കണമെന്ന് MPNP അറിയിച്ചു.
ഔദ്യോഗിക വെബ്സൈറ്റുകളെ അനുകരിച്ച് തട്ടിപ്പുകാർ വ്യാജ സൈറ്റുകൾ സൃഷ്ടിക്കുകയും വ്യക്തിഗത വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ തുടങ്ങിയവ കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ വെബ്സൈറ്റ് ഉപയോഗിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

MPNPയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ immigratemanitoba.com എന്നതും അതിന്റെ ഫ്രഞ്ച് പതിപ്പായ immigratemanitoba.com/fr എന്നതുമാണ്. വെബ്സൈറ്റിന്റെ വിലാസത്തിൽ അക്ഷരത്തെറ്റുകളോ അധിക വാക്കുകളോ ഉണ്ടോയെന്ന് ഉപയോക്താക്കൾ പ്രത്യേകം പരിശോധിക്കണം.
ഇമെയിൽ, ടെക്സ്റ്റ് സന്ദേശം, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ വഴി ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വെബ്സൈറ്റിൽ സുരക്ഷാ ലോക്ക് ഐക്കൺ കാണുന്നതു മാത്രം ഔദ്യോഗികതയുടെ തെളിവല്ലെന്നും, വെബ്സൈറ്റ് വിലാസം നേരിട്ട് പരിശോധിക്കണമെന്നും നിർദേശിച്ചു.
വ്യാജ വെബ്സൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ MPNPയുടെ ഔദ്യോഗിക കോൺടാക്ട് വെബ്ഫോം വഴി റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ട് ചെയ്യുമ്പോൾ സംശയാസ്പദമായ വെബ്സൈറ്റിന്റെ വിലാസവും അനുബന്ധ വിവരങ്ങളും ഉൾപ്പെടുത്തണം.
