മണ്‍ട്രിയോള്‍: മണ്‍ട്രിയോളില്‍ പൊലീസ് വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞ ഇരുപത്തിയെട്ടുകാരനെ കിലോമീറ്ററുകളോളം പിന്തുടര്‍ന്ന് പോലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി മണ്‍ട്രിയോളില്‍ തുടങ്ങി മോണ്ടെറെജി മേഖലയിലെ വരേനസില്‍ (Varennes) പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
വ്യാഴാഴ്ച രാത്രി 8:45ഓടെ വില്‍-മേരി ബറോയിലെ പാപ്പിനോ അവന്യൂവിലുള്ള ഒരു ഹോട്ടലില്‍ മോഷണക്കുറ്റവാളി എത്തിയതായി പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ പൊലീസ് സംഭവസ്ഥലത്തേക്ക് എത്തിയെങ്കിലും, ഹോട്ടലില്‍ നിന്ന് തന്ത്രപൂര്‍വ്വം രക്ഷപ്പെട്ട പ്രതി അവിടെ പാര്‍ക്ക് ചെയ്തിരുന്ന പോലീസിന്റെ പട്രോളിങ് വാഹനം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

പോലീസ് വാഹനത്തിന്റെ ഫ്‌ലാഷിങ് ലൈറ്റുകള്‍ ഓണ്‍ ചെയ്ത് അതിവേഗത്തില്‍ ഓടിച്ചുപോയ പ്രതി, ജാക്ക്-കാര്‍ട്ടിയര്‍ പാലം കടന്ന് ലോംഗുയ്‌ലിലെ റൂട്ട് 132-ലേക്ക് പ്രവേശിച്ചു. ഏതാണ്ട് 30 മിനിറ്റോളം നീണ്ടുനിന്ന അതിനാടകീയമായ പിന്തുടരലിനൊടുവില്‍ രാത്രി 9:20ഓടെയാണ് പ്രതിയെ കീഴടക്കാന്‍ സാധിച്ചത്.
നിയന്ത്രണം വിട്ട പോലീസ് വാഹനം റൂട്ട് മേരി-വിക്ടോറിനിലെ ഒരു വീടിന്റെ ഷെഡിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. അപകടത്തില്‍ പ്രതിക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഡ്രഗ് ഇവാലുവേഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെങ്കില്‍ പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
