വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ കേരള രാഷ്ട്രീയത്തെയും സമുദായ നേതൃത്വത്തെയും പിടിച്ചുകുലുക്കിയ ആ കേസിൽ നിർണായക നടപടി. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിൽ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണ സംഘത്തിന്റെ ആദ്യ കുറ്റപത്രത്തിന് വിജിലന്‍സ് ഡയറക്ടറുടെ അംഗീകാരം ലഭിച്ചു. കോടതിയുടെ കർശന താക്കീതിനും വിമർശനങ്ങൾക്കും പിന്നാലെയാണ് ഈ നാടകീയ നീക്കം ഉണ്ടായിരിക്കുന്നത്.

വയനാട്ടിലെ 10 ലക്ഷത്തിന്റെ തട്ടിപ്പ്
വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന 10 ലക്ഷം രൂപയുടെ തട്ടിപ്പിലാണ് ഇപ്പോൾ അന്വേഷണം പൂർത്തിയായിരിക്കുന്നത്. ഇക്കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരാണ് ഈ കേസിലെ മുഖ്യപ്രതികൾ. ഇതിന് പുറമെ മറ്റ് രണ്ട് കേസുകളിൽ കൂടി അന്വേഷണം പൂർത്തിയായതായാണ് സൂചനകൾ.
പൊട്ടിത്തെറിച്ച് ഹൈക്കോടതി; എസ്.പിക്കും താക്കീത്
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. നിരന്തരം ആവശ്യപ്പെട്ടിട്ടും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്ത ഉദ്യോഗസ്ഥന്റെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് കേസ് കൈകാര്യം ചെയ്യാൻ സമയമില്ലേയെന്നും കോടതി ചോദിച്ചു.
മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അന്വേഷണ ചുമതലയില്‍ നിന്ന് എസ്.പി എസ് ശശിധരനെ നീക്കുമെന്നും ജസ്റ്റിസ് എ.ബദറുദ്ദീന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. പകരം മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും, കോടതിയെ കളിയാക്കരുതെന്നും പറഞ്ഞ സിംഗിള്‍ ബെഞ്ച്, അന്വേഷണ ഉദ്യോഗസ്ഥന് മേൽ ബാഹ്യസമ്മർദ്ദങ്ങൾ ഉണ്ടോയെന്ന നിർണായക നിരീക്ഷണവും നടത്തിയിരുന്നു.
വി.എസ് കൊളുത്തിയ തീ
2016-ൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിലൂടെയാണ് കോളിളക്കം സൃഷ്ടിച്ച ഈ കേസിന് തുടക്കമായത്.
പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും മൈക്രോഫിനാന്‍സ് പദ്ധതിക്കായി കോടിക്കണക്കിന് രൂപ വായ്പയെടുക്കുകയും, അവ സമുദായ ശാഖകൾ വഴി വിതരണം ചെയ്തതിൽ വൻ അഴിമതി നടന്നു എന്നുമാണ് കേസ്. പാവപ്പെട്ട ഗുണഭോക്താക്കളിലേക്ക് ഈ തുക എത്തിയില്ലെന്നും, കോർപ്പറേഷനിൽ പണം തിരിച്ചടയ്ക്കാതെ വൻ തട്ടിപ്പ് നടത്തിയെന്നുമാണ് പ്രധാന ആരോപണം.
