Monday, June 22, 2026

ജിടിഎയില്‍ വീട് വില്‍പ്പനയില്‍ മൂന്നിരട്ടി വര്‍ധന; കോണ്ടോ അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പനയില്‍ ഇടിവ്

ടൊറന്റോ: പുതിയ വീടുകള്‍ക്ക് പ്രഖ്യാപിച്ച താല്‍ക്കാലിക എച്ച്.എസ്.ടി നികുതിയിളവിനെത്തുടര്‍ന്ന് ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ കഴിഞ്ഞമാസം വീട് വില്‍പ്പനയില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. എന്നാല്‍ ഈ ആനുകൂല്യം എങ്ങനെയാണ് ലഭ്യമാവുക എന്ന കാര്യത്തില്‍ വ്യക്തത വരാന്‍ കൂടുതല്‍ ഉപഭോക്താക്കള്‍ കാത്തിരിക്കുന്നതിനാല്‍ മുന്‍മാസത്തെ അപേക്ഷിച്ച് വില്‍പ്പനയിലെ കുതിപ്പ് അല്പം മന്ദഗതിയിലായതായും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

‘ബില്‍ഡിങ് ഇന്‍ഡസ്ട്രി ആന്‍ഡ് ലാന്‍ഡ് ഡെവലപ്മെന്റ് അസോസിയേഷന്‍’പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മെയ് മാസത്തില്‍ ആകെ 1,023 പുതിയ വീടുകളാണ് ജി.ടി.എയില്‍ വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കായ 310-നെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം വില്‍ക്കപ്പെട്ടവയില്‍ 830 എണ്ണവും ഒറ്റത്തടി വീടുകള്‍ ഉള്‍പ്പെടുന്ന ലോ-റൈസ് വിഭാഗത്തിലുള്ളവയാണ്. അതേസമയം കോണ്ടോമിനിയം മാര്‍ക്കറ്റ് ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാണ്. വെറും 193 പുതിയ കോണ്ടോ അപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രമാണ് മെയ് മാസത്തില്‍ വിറ്റുപോയത്.

തുടര്‍ച്ചയായ രണ്ടാം മാസവും ഒറ്റത്തടി വീടുകളുടെ വില്‍പ്പന കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലാണെങ്കിലും, നികുതിയിളവ് പ്രഖ്യാപിച്ച ആദ്യ മാസമായ ഏപ്രിലിലെ (1,100 വീടുകള്‍) വില്‍പ്പനയെ അപേക്ഷിച്ച് മെയ് മാസത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. എച്ച്.എസ്.ടി റീബേറ്റ് പദ്ധതിയുടെ കൃത്യമായ നടത്തിപ്പ് രീതികളെക്കുറിച്ച് വ്യക്തതയില്ലാത്തതിനാലാണ് പല ഉപഭോക്താക്കളും മാറിനില്‍ക്കുന്നതെന്ന് ബിന്‍ഡിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജസ്റ്റിന്‍ ഷെര്‍വുഡ് വ്യക്തമാക്കി. ഉയര്‍ന്ന വിലയും പുതിയ പ്രോജക്റ്റുകളുടെ കുറവും കാരണം ഫ്‌ലാറ്റുകളും കോണ്ടോകളും ഉള്‍പ്പെടുന്ന ഹൈ-റൈസ് മേഖല ഇപ്പോഴും കനത്ത തിരിച്ചടി നേരിടുകയാണ്.

പ്രവിശ്യയില്‍ പുതിയ വീടുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് 1,30,000 ഡോളര്‍ വരെ എച്ച്.എസ്.ടി നികുതിയിളവ് നല്‍കുന്ന വിപുലീകരിച്ച പദ്ധതി ഒന്റാരിയോ സര്‍ക്കാരും ഫെഡറല്‍ സര്‍ക്കാരും ചേര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ആനുകൂല്യം ലഭിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രോജക്റ്റുകളുടെ തുടക്കവും പൂര്‍ത്തീകരണവും സംബന്ധിച്ച സമയപരിധികള്‍ മിക്ക വലിയ കോണ്ടോ പ്രോജക്റ്റുകള്‍ക്കും പാലിക്കാന്‍ കഴിയുന്നതിലും കര്‍ശനമാണ്. ഇതാണ് കോണ്ടോ വിപണിയിലെ മന്ദഗതിക്ക് കാരണമെന്നും ഈ നിബന്ധനകളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജി.ടി.എയിലെ പുതിയ കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ ഒരു പുതിയ കോണ്ടോ അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വില 1,029,489 ഡോളറാണ്. അതേസമയം ഒറ്റത്തടി വീടുകളുടെ ശരാശരി വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.2 ശതമാനം കുറഞ്ഞ് 1,427,543 ഡോളറായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!