ഹൂസ്റ്റൺ: ഫുട്ബോൾ ലോകം വീണ്ടും സാക്ഷിയായി ഒരു ചരിത്ര നിമിഷത്തിന്. പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് വേദിയിൽ അപൂർവ നേട്ടം സ്വന്തമാക്കി. ആറ് വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടിയ ആദ്യ താരമെന്ന റെക്കോർഡ് ഇനി റൊണാൾഡോയുടെ പേരിൽ. 2026 ലോകകപ്പിൽ ഉസ്ബെക്കിസ്ഥാനെതിരായ ഗ്രൂപ്പ് കെ മത്സരത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്.
മത്സരം ആരംഭിച്ച് അധികം വൈകാതെ തന്നെ റൊണാൾഡോ പോർച്ചുഗലിന് ലീഡ് സമ്മാനിച്ചു. ജോവോ കാൻസലോ നൽകിയ വലതുവശത്തെ ക്രോസിൽ നിന്ന് ആറു വാര അകലെ നിന്നുള്ള കൃത്യമായ ഫിനിഷിലൂടെയായിരുന്നു ചരിത്രഗോൾ പിറന്നത്.

2006 ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ, പിന്നീട് നടന്ന എല്ലാ ലോകകപ്പ് പതിപ്പുകളിലും ഗോൾ കണ്ടെത്തിയിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനെതിരായ ഗോൾ താരത്തിന്റെ അന്താരാഷ്ട്ര കരിയറിലെ 230-ാം മത്സരത്തിലെ 144-ാം ഗോളായി മാറി. പുരുഷ അന്താരാഷ്ട്ര ഫുട്ബോളിലെ ഈ രണ്ട് കണക്കുകളും റെക്കോർഡുകളാണ്.
ലോകകപ്പ് വേദിയിൽ പോർച്ചുഗലിന്റെ ഇതിഹാസ താരം യൂസെബിയോ നേടിയ ഒമ്പത് ഗോളുകളുടെ നേട്ടത്തിനൊപ്പവും റൊണാൾഡോ എത്തി. വർഷങ്ങൾ നീണ്ട സ്ഥിരതയും മികവും വീണ്ടും തെളിയിച്ചുകൊണ്ട് ഫുട്ബോൾ ചരിത്രത്തിലെ തന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുകയാണ് റൊണാൾഡോ.
