തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 ബിജെപി കൗണ്‍സിലര്‍മാര്‍ വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ നടത്തിയ സത്യപ്രതിജ്ഞ കേരള ഹൈക്കോടതി അസാധുവാക്കി. ചട്ടങ്ങള്‍ പാലിക്കാതെ നടത്തിയ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് കോടതി. നാലാഴ്ചയ്ക്കകം ഈ 20 കൗണ്‍സിലര്‍മാരും നിയമാനുസൃതമായ വാചകങ്ങള്‍ ഉപയോഗിച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഉത്തരവിട്ടു. നഗരസഭയിലെ എല്‍ഡിഎഫ് നേതാവ് എസ്.പി ദീപക് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം.
കേരള മുന്‍സിപ്പാലിറ്റി നിയമം (1994) അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ജനപ്രതിനിധി ‘ദൈവനാമത്തില്‍’ അല്ലെങ്കില്‍ ‘സഗൗരവം’ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനു വിപരീതമായി വ്യക്തികളുടെയോ ഇഷ്ടദേവതകളുടെയോ രക്തസാക്ഷികളുടെയോ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രതിജ്ഞ ചെയ്യുന്നത് ചട്ടലംഘനമാണ്. ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകങ്ങളില്‍ മാറ്റം വരുത്താനോ സ്വന്തം ഇഷ്ടപ്രകാരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനോ സഭാംഗങ്ങള്‍ക്ക് നിയമപരമായി അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സില്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഔദ്യോഗികമായി നിശ്ചയിച്ചു നല്കിയ സത്യപ്രതിജ്ഞാ വാചകത്തിന് പകരം ബിജെപിയുടെ 20 കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ദേവതകളുടെയും വ്യക്തികളുടെയും പേരിലാണ് പ്രതിജ്ഞ ചൊല്ലിയത്.
