Wednesday, June 24, 2026

എയര്‍ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യന്‍ യാത്രക്കാരന് ആറ് മാസം തടവും 93,000 രൂപ പിഴയും

സിംഗപ്പൂര്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വച്ച് എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇന്ത്യന്‍ യാത്രക്കാരന് സിംഗപ്പൂര്‍ കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു. ആകാശ് തിവാരി എന്ന 35-കാരനാണ് ശിക്ഷിക്കപ്പെട്ടത്. തടവുശിക്ഷയ്ക്ക് പുറമേ, കടുത്ത മാനസിക വിഷമം നേരിട്ട യുവതിക്ക് 1,270.95 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 93,000 രൂപ) നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഈ തുക നല്‍കിയില്ലെങ്കില്‍ പ്രതി അഞ്ച് ദിവസം കൂടി അധികമായി ജയിലില്‍ കിടക്കേണ്ടി വരും.

കഴിഞ്ഞ ഫെബ്രുവരി 9-ന് തായ്ലന്‍ഡില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറന്ന വിമാനത്തിലായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന തിവാരി വിമാനത്തില്‍ തുടക്കം മുതല്‍ മോശമായ രീതിയിലാണ് പെരുമാറിയത്. വിമാനം ബാങ്കോക്കില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് ഭക്ഷണ ഓര്‍ഡര്‍ സ്ഥിരീകരിക്കുന്നതിനായി എയര്‍ഹോസ്റ്റസ് ഇവരുടെ അടുത്തെത്തിയപ്പോള്‍ തിവാരി അവരുടെ തുടയില്‍ തൊടുകയായിരുന്നു. എന്നാല്‍ പ്രതിയെ പിന്തിരിപ്പിക്കുന്നതിന് പകരം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉറക്കെ ചിരിക്കുകയും ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യുവതി ഉടന്‍ തന്നെ ചീഫ് സ്റ്റുവാര്‍ഡസിനെ വിവരമറിയിക്കുകയും ഈ നിരയില്‍ നിന്ന് മാറി മറ്റൊരു വശത്തേക്ക് മാറുകയും ചെയ്തു.

എന്നാല്‍, പിന്നീട് യാത്രക്കാരുടെ ഭക്ഷണ ട്രേകള്‍ ശേഖരിക്കുന്നതിനിടയില്‍ ഇയാള്‍ വീണ്ടും സീറ്റില്‍ നിന്ന് ബോധപൂര്‍വ്വം എഴുന്നേറ്റ് കൈമുട്ടുകൊണ്ട് എയര്‍ഹോസ്റ്റസിന്റെ പിന്‍ഭാഗത്ത് തട്ടി അധിക്ഷേപിച്ചു. യുവതി രൂക്ഷമായി പ്രതികരിച്ചെങ്കിലും മാപ്പ് പറയുന്നതിന് പകരം തിവാരി പരിഹസിച്ച് ചിരിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെ എയര്‍ഹോസ്റ്റസ് വിമാനത്തിലെ ഗല്ലിയിലേക്ക് (ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലം) മാറിയെങ്കിലും പ്രതി അവിടെയും അവരെ പിന്തുടര്‍ന്നു. തികച്ചും ഒറ്റപ്പെട്ട ആ ഇടുങ്ങിയ സ്ഥലത്ത് വെച്ച് അവരെ ഒരു മൂലയിലേക്ക് ഒതുക്കാന്‍ ശ്രമിച്ചതോടെ പൂര്‍ണ്ണമായും ഭയന്നുപോയ എയര്‍ഹോസ്റ്റസ് തന്നില്‍ നിന്ന് മാറിനില്‍ക്കാനും പിന്തുടരുന്നത് നിര്‍ത്താനും വിമാനത്തിനുള്ളില്‍ ഉറക്കെ നിലവിളിക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വിറച്ച നിലയില്‍ മറ്റ് ജീവനക്കാരുടെ അടുത്തെത്തിയ യുവതിയെ യാത്രക്കാരും ഈ അവസ്ഥയില്‍ കണ്ടിരുന്നു. വിമാനം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ ക്യാപ്റ്റന്റെ നിര്‍ദ്ദേശപ്രകാരം എയര്‍പോര്‍ട്ട് പൊലീസ് എത്തി തിവാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!