ടെഹ്‌റാന്‍: തുടര്‍ച്ചയായ രണ്ട് ദിവസത്തെ ശക്തമായ ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്ക് ശേഷം ഹോര്‍മുസ് കടലിടുക്കില്‍ സ്ഥിതിഗതികള്‍ ശാന്തമാകുന്നു. ഖത്തര്‍, പാക്കിസ്ഥാന്‍ തുടങ്ങിയ മധ്യസ്ഥ രാജ്യങ്ങളുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് മേഖലയില്‍ വീണ്ടും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സജീവമായത്. ഇതിന്റെ ഭാഗമായി അനിശ്ചിതത്വത്തിലായിരുന്ന സാങ്കേതികതല ചര്‍ച്ചകള്‍ തുടരാന്‍ ഇറാനും അമേരിക്കയും തീരുമാനിച്ചു. സംയമനം പാലിക്കണമെന്നും വെടിനിര്‍ത്തല്‍ കരാര്‍ കര്‍ശനമായി പാലിക്കണമെന്നും മധ്യസ്ഥ രാജ്യങ്ങള്‍ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വീണ്ടുമൊരു ആക്രമണമുണ്ടായാല്‍ അതിഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കയും ഇറാനും പരസ്പരം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കേണ്ടിയിരുന്ന സാങ്കേതികതല ചര്‍ച്ചകള്‍ നാളെ ഖത്തറിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചയ്ക്ക് മുന്നോടിയായി ചില പ്രധാന ഉപാധികള്‍ ഇറാന്‍ അമേരിക്കയ്ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. മുന്‍ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഹോര്‍മുസിന്റെ പൂര്‍ണ അധികാരം ഇറാനായിരിക്കുമെന്നും, പകരം കപ്പലുകളുടെ സുഗമമായ സഞ്ചാരത്തിന് ഇറാന്‍ പാതയൊരുക്കുമെന്നുമുള്ള വ്യവസ്ഥ പൂര്‍ണമായും നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ തങ്ങളുടെ മൂന്ന് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം അടുത്തിടെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച ബഹിഷ്‌കരിക്കണമെന്ന് ഇറാനില്‍ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ പരമോന്നത നേതാവായ ആയത്തുല്ല മുജ്തബ ഖാംനഇ ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.

ഇതിനിടെ, ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ സഹകരണ കരാറുകളില്‍ ഏര്‍പ്പെടാന്‍ ഇറാന്‍ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. എന്നാല്‍, മധ്യപൗരസ്ത്യ ദേശത്തെ മറ്റു ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. ഗാസയിലും ലെബനാനിലും ഇസ്രായേല്‍ സേന തങ്ങളുടെ ആക്രമണം ശക്തമായി തുടരുകയാണ്. അമേരിക്കയുടെ മധ്യസ്ഥതയില്‍ രൂപപ്പെടുത്തിയ കരാര്‍ പൂര്‍ണമായും ഇസ്രായേലിന്റെ താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹിസ്ബുല്ല തള്ളിക്കളഞ്ഞിരുന്നു. തെക്കന്‍ ലെബനാനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍, ഇസ്രായേലിനെതിരെ സൈനികമായി നേരിട്ട് ഇടപെടേണ്ടി വരുമെന്ന് ഇറാന്റെ ഐആര്‍ജിസി (IRGC) മുന്നറിയിപ്പ് നല്‍കിയത് മധ്യസ്ഥ രാജ്യങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
