Monday, June 29, 2026

`സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ കയ്യേറ്റം’; വിസി നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കെതികെ സമസ്ത മുഖപത്രം

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ ബന്ധമുള്ളവരെ വൈസ് ചാന്‍സലര്‍മാരാക്കുന്ന ഗവര്‍ണറുടെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം ‘സുപ്രഭാതം’. ‘സര്‍വകലാശാലകളെ കരുക്കളാക്കരുത്’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ പത്രം രംഗത്തുവന്നത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഔദ്യോഗിക പാനല്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് ഗവര്‍ണര്‍ നടത്തുന്ന ഏകപക്ഷീയമായ ഈ നിയമനങ്ങള്‍ ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്നതാണെന്നും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നു.

കേരള കാര്‍ഷിക സര്‍വകലാശാലയിലെ താല്കാലിക വി.സിയായി ബിജെപി അനുകൂല വിദ്യാഭ്യാസ സംഘടനയുടെ നേതാവും കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളേജ് ഡീനുമായ ടി. സജിതാ റാണിയെ നിയമിച്ചതാണ് മുഖപ്രസംഗത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ യോഗ്യരായവരുടെ പട്ടിക വെട്ടിയാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഈ നിയമനം നടത്തിയത്. സമാനമായ രീതിയില്‍ എം.ജി സര്‍വകലാശാല വി.സിയായി പ്രൊഫ. മാവുത്ത് ദുരൈപാണ്ടിയെ നിയമിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ അടുത്ത നീക്കമെന്നും പത്രം വിമര്‍ശിക്കുന്നു. കൂടാതെ സര്‍വകലാശാലാ സെനറ്റുകളിലേക്ക് സംഘ്പരിവാര്‍ ബന്ധമുള്ളവരെ വ്യാപകമായി തിരുകിക്കയറ്റുകയാണെന്നും പത്രം ആരോപിക്കുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിശബ്ദമായും അല്ലാതെയും സംഘ്പരിവാര്‍ വലിയ തോതിലുള്ള കൈയേറ്റം നടത്തുകയാണെന്ന് സമസ്ത മുഖപത്രം വ്യക്തമാക്കുന്നു. കേന്ദ്രത്തിന്റെ ആശയപരമായ സ്വാധീനം സര്‍വകലാശാലകളില്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഇത്തരം രാഷ്ട്രീയ ഇടപെടലുകളിലൂടെ സര്‍വകലാശാലകള്‍ വെറും അധികാരപ്രകടന വേദികളായി മാറുമ്പോള്‍ തകരുന്നത് അക്കാദമിക സ്വാതന്ത്ര്യവും ഗവേഷണാന്തരീക്ഷവുമാണ്. ഏത് മുന്നണിയാണ് അധികാരത്തിലുള്ളത് എന്നതിനേക്കാള്‍ സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം. നിയമനങ്ങളില്‍ രാഷ്ട്രീയവിശ്വസ്തത മാനദണ്ഡമാകുന്നു എന്ന സംശയം പൊതുജനങ്ങളിലുണ്ടാകുന്നത് വലിയ അപകടമാണെന്നും എഡിറ്റോറിയല്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒരു വൈസ് ചാന്‍സലറുടെ ഏറ്റവും പ്രാഥമികമായ യോഗ്യത അക്കാദമിക മികവും ഭരണപാടവവും സര്‍വകലാശാലയെ നയിക്കാനുള്ള ദര്‍ശനവുമായിരിക്കണം. രാഷ്ട്രീയ ചായ്വുകള്‍ ഇത്തരം ഉന്നത പദവികളിലേക്ക് വരാനുള്ള മാനദണ്ഡമായി മാറുന്ന നിമിഷം, സര്‍വകലാശാലകള്‍ സ്വതന്ത്ര വിജ്ഞാനകേന്ദ്രങ്ങള്‍ എന്ന പദവിയില്‍ നിന്നും മാറി രാഷ്ട്രീയ അധികാരത്തിന്റെ വിപുലീകരണ കേന്ദ്രങ്ങളായി അധഃപതിക്കുമെന്നും സുപ്രഭാതം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!