Tuesday, June 30, 2026

ഒഷാവയെ ആവേശത്തിലാഴ്ത്തി റോമാസ് 40+ ക്രിക്കറ്റ് ടൂർണമെന്റ്: തടാകക്കരയിൽ റൺമഴ പെയ്യിച്ച് മലയാളി താരങ്ങൾ

TORONTO: ഒന്റാറിയോ തടാകത്തിൽ നിന്നുള്ള കുളിർകാറ്റിനെപ്പോലും ചൂടുപിടിപ്പിച്ച ആവേശപ്പോരാട്ടത്തിനായിരുന്നു 2026 ജൂൺ 20,21 തീയതികളിൽ ഒഷാവയിലെ സ്റ്റോൺ സ്ട്രീറ്റ് പാർക്ക് സാക്ഷ്യം വഹിച്ചത്. മുതിർന്ന താരങ്ങളുടെ ക്രിക്കറ്റ് മികവും കമ്മ്യൂണിറ്റിയുടെ ഒത്തൊരുമയും ഒന്നിച്ച ‘റോമാസ് മാസ്റ്റേഴ്‌സ് കപ്പ്’ (ROMAS Masters Cup) ക്രിക്കറ്റ് ടൂർണമെന്റ് ജനപങ്കാളിത്തം കൊണ്ട് വൻ വിജയമായി.

ആവേശം അണപൊട്ടിയൊഴുകിയ ഫൈനൽ പോരാട്ടത്തിൽ ഫീനിക്സ് മാസ്റ്റേഴ്സിനെ തകർത്ത് ഫീനിക്സ് കേരള ROMAS മാസ്റ്റേഴ്സ് കപ്പ് കനകകിരീടത്തിൽ മുത്തമിട്ടു. സെമി ഫൈനൽ മത്സരങ്ങളിൽ റൈസിംഗ് റോയൽസിനെ പരാജയപ്പെടുത്തി ഫീനിക്സ് മാസ്റ്റേഴ്സും, ജി.ടി.എ (GTA) യിലെ പ്രമുഖ ക്ലബ്ബായ ഡി.സി.സി (DCC) യെ അട്ടിമറിച്ച് ഫീനിക്സ് കേരളയുമാണ് ഫൈനലിൽ പ്രവേശിച്ചത്.

അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഫീനിക്സ് കേരള, നിശ്ചിത 10 ഓവറിൽ 97/5 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ആദ്യ 9 ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഫീനിക്സ് മാസ്റ്റേഴ്സിന് അവസാന ഓവറിൽ കളി കൈവിട്ടു. ടൂർണമെന്റിലെ തന്നെ മികച്ച താരമായി മാറിയ ജിജേഷ് ഗിരിജ അവസാന ഓവറിൽ 4 കൂറ്റൻ സിക്സറുകൾ ഉൾപ്പെടെ 32 റൺസാണ് അടിച്ചുകൂട്ടിയത്. ഫൈനലിൽ വെറും 23 പന്തുകളിൽ നിന്നും 57 റൺസുമായി പുറത്താകാതെ നിന്ന അദ്ദേഹം ഉജ്ജ്വലമായ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 98 റൺസ് എന്ന കൂറ്റൻ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഫീനിക്സ് മാസ്റ്റേഴ്സിന് ഫീനിക്സ് കേരളയുടെ ബൗളിംഗ് കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. വെറും 46 റൺസിന് ഫീനിക്സ് മാസ്റ്റേഴ്സിന്റെ ഇന്നിംഗ്സ് അവസാനിച്ചു. ഇതോടെ 51 റൺസിന്റെ ആധികാരിക വിജയവുമായി ഫീനിക്സ കേരള ROMAS സംഘടിപ്പിച്ച Masters Cup കന്നി കിരീടം സ്വന്തമാക്കി ചാമ്പ്യന്മാരായി.

നാൽപ്പത് വയസ്സിനു മുകളിലുള്ളവരുടെ (40+) ഈ പോരാട്ടത്തിൽ 12 കരുത്തുറ്റ ടീമുകളാണ് മാറ്റുരച്ചത്. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനവുമായി താരങ്ങൾ മൈതാനം നിറഞ്ഞപ്പോൾ, ഓരോ ഓവറിലും ആവേശം അണപൊട്ടി.
ആയിരക്കണക്കിന് കായികപ്രേമികളാണ് തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെയും കളിക്കാരെയും പ്രോത്സാഹിപ്പിക്കാനായി സ്റ്റോൺ സ്ട്രീറ്റ് പാർക്കിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ ഇത് ഒരു കമ്മ്യൂണിറ്റി ഉത്സവം കൂടി ആയി മാറി.

ടൂർണമെന്റിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രൗഢോജ്ജ്വലമായ സമ്മാനദാന ചടങ്ങ് ഒഷാവയിലെ രാഷ്ട്രീയ-സാമൂഹിക-വ്യവസായ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് അത്യന്തം ശ്രദ്ധേയമായിരുന്നു. ഈ സമാപന വേദിയിൽ തന്റെ തനതായ ശൈലിയിലൂടെയും നർമ്മം കലർന്ന അവതരണത്തിലൂടെയും കാണികളെയും വിശിഷ്ടാതിഥികളെയും ഒരേപോലെ ആവേശത്തിന്റെ കൊടുമുടിയിൽ നിർത്തുവാൻ അവതാരകന് സാധിച്ചു. ചടങ്ങുകളെ അങ്ങേയറ്റം ആകർഷകമാക്കിയ അദ്ദേഹത്തിന്റെ വശ്യമായ ശബ്ദവും ചടുലമായ അവതരണശൈലിയും ടൂർണമെന്റിന്റെ സമാപനത്തിന് ഒരു പ്രത്യേക ചാരുതയേകി.

ദക്ഷിണ ഒഷാവയിൽ സംഘടിപ്പിച്ച മനോഹരമായ ഈ കമ്മ്യൂണിറ്റി കൂട്ടായ്മയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഒഷാവ എം.പി (MP) റോണ്ട കിർക്ക്‌ലാൻഡ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വാശിയേറിയ 40+ ക്രിക്കറ്റ് ടൂർണമെന്റിലെ മത്സരാർത്ഥികളുടെ മികച്ച പ്രകടനത്തെയും അവരുടെ ഊർജ്ജസ്വലതയെയും പ്രകീർത്തിച്ച അവർ, താനും ആ പ്രായപരിധിയിൽ ഉൾപ്പെടുന്ന ആളാണെന്ന് തമാശരൂപേണ പങ്കുവെച്ചത് സദസ്സിൽ ചിരിപടർത്തി. പുഞ്ചിരിക്കുന്ന മുഖങ്ങളോടെ ഒത്തുചേർന്ന നാട്ടുകാരുടെ സ്നേഹവും കമ്മ്യൂണിറ്റിയുടെ കൂട്ടായ്മയുമാണ് ഈ ദിവസത്തെ ഏറ്റവും മനോഹരമാക്കിയതെന്ന് അവർ കൂട്ടിച്ചേർത്തു. ഈ കായികമാമാങ്കം യാഥാർത്ഥ്യമാക്കാൻ പിന്നിൽ പ്രവർത്തിച്ച എല്ലാ സ്പോൺസർമാർക്കും അവർ പ്രത്യേകം നന്ദി അറിയിക്കുകയും സദസ്സിനോട് അവർക്കായി കൈയടിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വനിതകളുടെ മത്സരത്തിൽ താൻ പിന്തുണച്ച ടീം കപ്പടിച്ചില്ലെങ്കിലും, തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് അവർ തന്റെ ഹൃദയം കീഴടക്കിയെന്ന് പറഞ്ഞുകൊണ്ട് വളരെ ലളിതവും സന്തോഷകരവുമായ ഓർമ്മകളോടെയാണ് എം.പി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

തുടർന്ന് പ്രോഗ്രാമിന്റെ മെഗാ സ്പോൺസർ മിസ്റ്റർ അമർജിത് ബാലകൃഷ്ണൻ (Registered Psychotherapist, Arising Bliss Psychotherapy), ഗ്രാൻഡ് സ്പോൺസർ മിസ്റ്റർ സജി കരിയാടിയിൽ (Realtor, Ontario), ബോബൻ ജെയിംസിന് വേണ്ടി ജെയിംസ് ഓട്ടോ ഗ്രൂപ്പ് മാനേജർ മിസ്റ്റർ ഡി.കെ, കമ്മ്യൂണിറ്റി നേതാക്കളായ മിസ്റ്റർ ടോമി കൊക്കാട്ട് (Kokkadans Group), കനേഡിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിലെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥി ബെല്ലന്റ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും
വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു.

മാറ്റുരച്ച എല്ലാ മത്സരങ്ങളിലും വ്യക്തിഗത മികവുകളുടെ വൻപൂരമാണ് അരങ്ങേറിയത്. പ്രിലിമിനറി റൗണ്ടുകളിൽ തങ്ങളുടെ ടീമുകൾക്കായി നിർണായക പ്രകടനം കാഴ്ചവെച്ച് സിജു തോമസ് (DCC), ധീരജ് ആന്റണി (Phoenix Masters), രാകേഷ് പുത്തലത്ത് (GTA Avengers), ജിജേഷ് ഗിരിജ (Phoenix Kerala), പ്രശാന്ത് പിള്ള (Phoenix Kerala), ശ്യാംകുമാർ (Barrie Falcons), ജിജോ മാത്യു (Super Challengers), അഭി എബ്രഹാം (Phoenix Masters), വിജയ് ജേക്കബ് (DCC), ഗിനിൽ ജോസഫ് (Super Challengers), അബൻ പണിക്കർ (BASS), നിതിൻ നാരായൺ (Rising Royals) എന്നിവർ ലീഗ് റൗണ്ടിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കി.

ടൂർണമെന്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നപ്പോൾ മത്സരങ്ങളുടെ ആവേശം ഇരട്ടിച്ചു. സമ്മർദ്ദഘട്ടങ്ങളെ അതിജീവിച്ച് ടീമിനെ മുന്നിൽ നിന്ന് നയിച്ച അഭി എബ്രഹാം (Phoenix Masters), സുബി പെരുമാന (Rising Royals), ലിയോ തോമസ് (DCC), പ്രശാന്ത് പിള്ള (Phoenix Kerala) എന്നിവർ ക്വാർട്ടർ ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾക്ക് അർഹരായി. ഫൈനൽ ടിക്കറ്റിനായുള്ള നിർണായക പോരാട്ടത്തിൽ മാസ്മരിക പ്രകടനം പുറത്തെടുത്ത ധീരജ് ആന്റണി (Phoenix Masters), സജിൻ കുമാർ (Phoenix Kerala) എന്നിവർ സെമി ഫൈനൽ മത്സരങ്ങളിലെ മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടു.

കളിയിലെ തന്ത്രപരമായ നീക്കങ്ങളിലൂടെയും ബാറ്റിംഗ് മികവിലൂടെയും കാണികളുടെ ഹൃദയം കവർന്ന പ്രീത (Durham Queens), വനിതകളുടെ പ്രത്യേക മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ചൂടി.

മൈതാനത്തിന്റെ നാനാകോണുകളിലേക്കും പന്ത് അടിച്ചുപറത്തി 14 കൂറ്റൻ സിക്സറുകളോടെ ജിജേഷ് ഗിരിജ (Phoenix Kerala) മോസ്റ്റ് സിക്സസ് പുരസ്കാരവും ഒപ്പം ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റ്സ്മാൻ പുരസ്കാരവും സ്വന്തമാക്കി റൺവേട്ടക്കാരിൽ ഒന്നാമനായി.കലാശപ്പോരാട്ടത്തിൽ Phoenix Kerala-യ്ക്ക് വേണ്ടി അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ച ജിജേഷ് ഗിരിജ ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും, ഒപ്പം ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പ്ലെയർ ഓഫ് ദി ടൂർണമെന്റ (Player of the Tournament) കിരീടവും ചൂടി ഈ കായികമാമാങ്കത്തിന്റെ യഥാർത്ഥ നായകനായി മാറി.

മറ്റു പുരസ്കാരങ്ങൾ:
ബെസ്റ്റ് കീപ്പർ: വിക്കറ്റിന് പിന്നിൽ മിന്നൽ വേഗത്തിൽ കൈകൾ ചലിപ്പിച്ച സഞ്ജയ് എസ് (Phoenix Kerala).
ബെസ്റ്റ് ഫീൽഡർ: അസാധ്യമായ ക്യാച്ചുകളിലൂടെയും റൺസുകൾ തടുത്തും കളം നിറഞ്ഞ അഭി എബ്രഹാം (Phoenix Masters).
ബെസ്റ്റ് ബൗളർ: കൃത്യതയാർന്ന യോർക്കറുകളിലൂടെയും വിക്കറ്റ് വേട്ടയിലൂടെയും എതിർ ബാറ്റർമാരെ വിറപ്പിച്ച സജിൻ കുമാർ (Phoenix Kerala).

മത്സരത്തിലുടനീളം കായിക മര്യാദയും മികച്ച അച്ചടക്കവും പുലർത്തിയ ഒഷാവ സെന്റ് ജോസഫ് സിറോ മലബാർ കാത്തലിക് ചർച്ചിന്റെ കീഴിലുള്ള സെന്റ് ജോസഫ് ക്രിക്കറ്റ് ക്ലബ്ബ് അർഹതപ്പെട്ട ഫെയർ പ്ലേ അവാർഡ് സ്വന്തമാക്കി എല്ലാവരുടെയും കൈയടി നേടി. ടൂർണമെന്റിൽ ഉടനീളം മികച്ച പോരാട്ടവീര്യം കാഴ്ചവെച്ച് ഫൈനലിൽ എത്തിയ വിജയികൾക്കും റണ്ണേഴ്സ് അപ്പ് ആയ ടീമിലെ എല്ലാ കളിക്കാർക്കുമുള്ള വ്യക്തിഗത പുരസ്കാരങ്ങൾ ഒഷാവ എം.പി ചടങ്ങിൽ വെച്ച് സമ്മാനിച്ചതോടെ ആവേശകരമായ ഈ കായികമേളയ്ക്ക് പ്രൗഢോജ്ജ്വലമായ സമാപനമായി.

ഈ കായികമേള വൻ വിജയമാക്കാൻ അഹോരാത്രം പ്രവർത്തിച്ച റോമാസ് ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായ സ്റ്റാൻലി തോമസ്, സുമേഷ് തോമസ്, അജേഷ് ആന്റണി എന്നിവർക്കും, മത്സരത്തിന്റെ ഓരോ നിമിഷവും ഒട്ടും ചോർന്നുപോകാതെ സ്കോർ ബോർഡിലും അനൗൺസ്മെന്റുകളിലും കൃത്യതയോടെ എത്തിച്ച സിബി, ജെഫ്രിൻ, അശ്വിൻ എന്നിവർക്കും
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ നിബു, ബേസിൽ , മിഥുൻ, അപ്പു, മനോജ് , ഡാർവി, ബിനു , ജിൽജിത്, ജെയ്സൺ ,ജിന്റോ, ജിജോ എന്നിവർക്കും
അവരുടെ കുടുംബങ്ങൾക്കും റോമാസ് ക്ലബ്ബിന്റെ ഭാഗം കൂടിയായ ഗ്രാൻഡ് സ്പോൺസർ മിസ്റ്റർ സജി കരിയാടിയിൽ പ്രത്യേകം നന്ദി അറിയിച്ചു. ടൂർണമെന്റിന് കൈത്താങ്ങായ എല്ലാ സ്പോൺസർമാർക്കും, അഭ്യുദയകാംക്ഷികൾക്കും, ഒപ്പം കളിയിലുടനീളം ആവേശം പകർന്ന് മൈതാനം നിറഞ്ഞ ഒഷാവയിലെ കായികപ്രേമികളായ വൻ ജനസഞ്ചയത്തിനും അദ്ദേഹം ക്ലബ്ബിന്റെ പേരിലുള്ള കൃതജ്ഞത രേഖപ്പെടുത്തി.

ഈ വർഷത്തെ വൻ വിജയത്തോടെ, ഒന്റാറിയോയിലെ കായിക കലണ്ടറിൽ ഒഴിവാക്കാനാവാത്ത ഒരു പ്രധാന ജനപ്രിയ കായിക ഇവന്റായി ‘റോമാസ് മാസ്റ്റേഴ്‌സ് കപ്പ്’ മാറിയിരിക്കുകയാണ്. കാനഡയിലെ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു അധ്യായം രചിച്ച സ്റ്റോൺ സ്ട്രീറ്റ് പാർക്കിൽ നിന്നും ഒഷാവ നൽകുന്ന സന്ദേശം വ്യക്തമാണ്, ഇവിടെ കളി ഇനിയും തുടരും, ആവേശം ഇനിയും കൂടും, ആരവങ്ങളും ആർപ്പുവിളികളും ഇനിയുമുണ്ടാവും!

തയ്യാറാക്കിയത്: ജിജിൻ ഇലഞ്ഞിക്കൽ

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!