കൊച്ചി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിച്ച ആഡംബര വാഹനങ്ങളുമായി ബന്ധപ്പെട്ട ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത. കഴിഞ്ഞ ദിവസം നടന്ന ദീർഘനേരം നീണ്ട ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളും ശേഖരിച്ച രേഖകളും പരിശോധിച്ച ശേഷമായിരിക്കും കസ്റ്റംസ് തുടർനടപടികൾ സ്വീകരിക്കുക.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിൽ ഹാജരായ ദുൽഖറിനെ ഏകദേശം എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. വാഹനങ്ങളുടെ ഉടമസ്ഥാവകാശം, രജിസ്ട്രേഷൻ രേഖകൾ, ഇറക്കുമതി നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘം തേടിയത്.ചോദ്യം ചെയ്യലിൽ, വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലെത്തിച്ചതായി തനിക്ക് അറിവില്ലായിരുന്നുവെന്നും വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നിയമാനുസൃതമായി കൈവശമുണ്ടെന്നും നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നുമാണ് ദുൽഖർ മൊഴി നൽകിയതെന്നാണ് വിവരം.
അതേസമയം, ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കേരളത്തിലെത്തിച്ച ശൃംഖലയെ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. പ്രാഥമിക അന്വേഷണത്തിൽ ഏകദേശം 50 ആഡംബര വാഹനങ്ങൾ ഇത്തരത്തിൽ കേരളത്തിലെത്തിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി പ്രമുഖരുടെയും സിനിമാ മേഖലയിലെ വ്യക്തികളുടെയും കൈവശം ഇത്തരം വാഹനങ്ങൾ എത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വശങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സമാന്തരമായി പരിശോധിച്ചുവരികയാണ്. അന്വേഷണത്തിനിടെ ദുൽഖറിന്റെ വസതിയിൽ നിന്ന് കണ്ടെത്തിയ നാല് വാഹനങ്ങളുടെ രേഖകളും വിശദമായി പരിശോധിച്ചിട്ടുണ്ട്.വാഹനങ്ങൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ദുൽഖർ കോടതിയെ സമീപിച്ചിരുന്നെങ്കിലും, അന്വേഷണ നടപടികൾ പൂർത്തിയാകുന്നതുവരെ വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും അവ അന്വേഷണ ആവശ്യങ്ങൾക്കായി ദുൽഖറിന്റെ കൈവശം തന്നെ സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി രേഖകളും സാങ്കേതിക തെളിവുകളും കൂടുതൽ പരിശോധിച്ച ശേഷമാകും വീണ്ടും ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള തുടർനടപടികളിൽ കസ്റ്റംസ് തീരുമാനം എടുക്കുക.
