Thursday, July 2, 2026

വിസ്മയയുടെ ‘തുടക്കം’; സിനിമയിൽ സ്പെഷ്യൽ ലുക്കിൽ മോഹൻലാലും

കൊച്ചി: നടൻ മോഹൻലാലിന്റെ അതിഥി വേഷത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ‘തുടക്കം’ സിനിമയുടെ പുതിയ ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിലൂടെ മോഹൻലാലിന്റെ കഥാപാത്രത്തെ അണിയറപ്രവർത്തകർ ഔദ്യോഗികമായി അവതരിപ്പിച്ചതോടെ ചിത്രത്തിനായുള്ള പ്രേക്ഷക പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്.

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തുടക്കം. സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഓഗസ്റ്റ് 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാലിന്റെ ഭാഗിക സാന്നിധ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത്തെ ക്യാരക്ടർ പോസ്റ്ററിലൂടെ അദ്ദേഹത്തിന്റെ പ്രത്യേക വേഷം സ്ഥിരീകരിച്ചതോടെ ആരാധകർക്കിടയിൽ ചർച്ചകൾ സജീവമായി.

‘2018’എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിലും തുടക്കം ശ്രദ്ധേയമാണ്. ഒരു കുടുംബചിത്രമായി അവതരിപ്പിക്കപ്പെടുന്ന സിനിമയിൽ വികാരനിർഭരമായ കഥയ്ക്കൊപ്പം നിരവധി സർപ്രൈസ് ഘടകങ്ങളും ഉൾക്കൊള്ളുന്നുണ്ടെന്നാണ് സൂചന.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചിരുന്നു. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ജോമോൻ ടി ജോൺ ഛായാഗ്രഹണവും, ജേക്സ് ബിജോയ് സംഗീത സംവിധാനവും, ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈനർ.

വിസ്മയ മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റവും മോഹൻലാലിന്റെ പ്രത്യേക സാന്നിധ്യവും ജൂഡ് ആന്റണിയുടെ സംവിധാനവും ഒന്നിക്കുന്ന തുടക്കം, 2026ലെ ഏറ്റവും പ്രതീക്ഷയുണർത്തുന്ന മലയാള ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!