കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യാപക മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. താമസ കെട്ടിടങ്ങൾ ഉൾപ്പെടെ നിരവധി സിവിലിയൻ കേന്ദ്രങ്ങൾക്ക് ആക്രമണത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. ഈ വർഷം കീവിനെതിരെ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.
യുക്രെയ്ൻ അധികൃതരുടെ വിവരമനുസരിച്ച്, രാത്രിയിലുടനീളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായി. ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും ബോംബ് ഷെൽട്ടറുകളിലും അഭയം തേടി.
യുക്രെയ്ൻ വ്യോമസേനയുടെ കണക്കുകൾ പ്രകാരം റഷ്യ 74 മിസൈലുകളും 496 ഡ്രോണുകളും പ്രയോഗിച്ചു. ഇവയിൽ ഭൂരിഭാഗവും വ്യോമപ്രതിരോധ സംവിധാനം തകർത്തെങ്കിലും നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും കീവിലെയും മറ്റ് പ്രദേശങ്ങളിലെയും ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചതായി അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രി യൂലിയ സ്വൈരിഡെങ്കോ ആക്രമണത്തെ “വിപുലവും നിഷ്ഠൂരവുമായ ആക്രമണം” എന്ന് വിശേഷിപ്പിച്ചു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാനിടയുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അവർ അറിയിച്ചു.
അതേസമയം, സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണമാണ് നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ, റഷ്യയിലെ നിസ്നി നോവ്ഗൊറോഡ് മേഖലയിലെ എണ്ണ ശുദ്ധീകരണശാല ഡ്രോൺ ആക്രമണത്തിന് ഇരയായതായി യുക്രെയ്ൻ അവകാശപ്പെട്ടു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റഷ്യൻ അധികൃതരും സ്ഥിരീകരിച്ചു.

കീവിൽ വെള്ളിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കുട്ടികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർക്ക് പരുക്കേറ്റതായും ചിലർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും അധികൃതർ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് പോളണ്ട് മുൻകരുതലായി യുദ്ധവിമാനങ്ങൾ വിന്യസിച്ചു. യൂറോപ്യൻ യൂണിയൻ റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് വിദേശനയ മേധാവി കാജ കല്ലാസ് ആവശ്യപ്പെട്ടു.യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വീണ്ടും ആവർത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.
