കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ (AMMA) ഭരണസമിതിയുടെ രാജി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പുതിയ നിയമപ്രതിസന്ധിയും ആശയക്കുഴപ്പങ്ങളും ഉടലെടുക്കുന്നു. കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് പ്രസിഡന്റ് ശ്വേതാ മേനോന് ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങള്‍ കൂട്ടരാജി പ്രഖ്യാപിച്ചെങ്കിലും, ഇതുവരെ ആരും ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിച്ചിട്ടില്ലെന്നാണ് പുതിയ വിവരം. ഔദ്യോഗികമായി രാജി ലഭിക്കാതെ കേവലം പ്രഖ്യാപനം മാത്രം നടത്തി അവര്‍ ഇറങ്ങിപ്പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്
സംഘടനയുടെ ഔദ്യോഗിക ഇമെയില്‍ ഉള്‍പ്പെടെയുള്ളവയുടെ ആക്സസ് ഇന്നാണ് ലഭ്യമായത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് ശ്വേതാ മേനോന് അടക്കമുള്ളവരുടെ ഔദ്യോഗികമായ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് തന്നോട് വ്യക്തമാക്കിയതായി അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ രമേശ് പിഷാരടി പറഞ്ഞു. നിലവില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങള്‍ മാത്രമാണ് തങ്ങളുടെ മുന്നിലുള്ളതെന്നും, ശ്വേതാ മേനോന് മാധ്യമങ്ങളോട് പറഞ്ഞത് താന്‍ രാജിവെച്ചു എന്നാണെന്നും കെ.ബി. ഗണേഷ് കുമാര്‍ പ്രതികരിച്ചു. അതേസമയം, മല്ലിക സുകുമാരനും ലക്ഷ്മിപ്രിയയും തങ്ങളുടെ രാജി ഇമെയില്‍ വഴി അയച്ചിട്ടുണ്ടെന്ന് കുക്കു പരമേശ്വരന് അറിയിച്ചെങ്കിലും അത് തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് മറ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം 21-നായിരുന്നു നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗം ചേര്‍ന്നത്. അന്ന് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ചില അംഗങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. ആകെയുള്ള 204 അംഗങ്ങളില്‍ 101 പേര് പ്രമേയത്തെ അനുകൂലിക്കുകയും അത് പാസാകുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കാന്‍ തീരുമാനിച്ചത്. ഈ കൂട്ടരാജിക്ക് ശേഷം തികച്ചും വൈകാരികമായാണ് ശ്വേതാ മേനോന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരുന്നത്.
നിലവിലെ ഈ സങ്കീര്‍ണ്ണാവസ്ഥ സംഘടനയെ പുതിയൊരു നിയമപ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഭരണസമിതി അംഗങ്ങള്‍ ഔദ്യോഗികമായി രാജി സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍, താല്കാലികമായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയുടെ നിലനില്‍പ്പ് തന്നെ നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനമെടുക്കാനുള്ള പൂര്‍ണ്ണ അധികാരം ഇനി ജനറല്‍ ബോഡിക്ക് മാത്രമായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
