Thursday, July 2, 2026

അനധികൃതമായി വാടകക്കാരെ ഒഴിപ്പിക്കുന്നത് തടയാന്‍ നിയമം വരുന്നു; ലംഘിച്ചാല്‍ കനത്ത പിഴ

ഓട്ടവ: വീടുകളില്‍ അറ്റകുറ്റപ്പണി നടത്താനെന്ന വ്യാജേന നിലവിലുള്ള വാടകക്കാരെ ഒഴിപ്പിക്കുകയും, പിന്നീട് ഉയര്‍ന്ന വാടകയ്ക്ക് പുതിയ ആളുകള്‍ക്ക് വീട് നല്‍കുകയും ചെയ്യുന്ന ഭൂവുടമകളുടെ നടപടി തടയാന്‍ പുതിയ ബൈലാ (ഉപനിയമം) വരുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ജൂലൈ 8-ന് നടക്കുന്ന പ്ലാനിങ് ആന്‍ഡ് ഹൗസിങ് കമ്മിറ്റി മീറ്റിങില്‍ വോട്ടിനിടും.

പുതിയ നിയമപ്രകാരം, അറ്റകുറ്റപ്പണികള്‍ക്കായി ഒരു വാടകക്കാരന് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കി ഏഴു ദിവസത്തിനകം സിറ്റി കൗണ്‍സിലിന്റെ പ്രത്യേക ‘റെനൊവേഷന്‍ ലൈസന്‍സിനായി’ ഭൂവുടമകള്‍ അപേക്ഷിക്കണം. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് പുറമെ, വാടക കരാറിന്റെ പൊതുവിവരങ്ങള്‍, ഒഴിപ്പിക്കല്‍ നോട്ടീസിന്റെ പകര്‍പ്പ്, കൂടാതെ നഗരസഭ തയ്യാറാക്കിയ ‘എവിക്ഷന്‍ എഡ്യൂക്കേഷന്‍ ഗൈഡ്’ വാടകക്കാരന് കൈമാറി എന്നതിന്റെ സര്‍ട്ടിഫിക്കറ്റും ഭൂവുടമകള്‍ നഗരസഭയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

വിപണി നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ വാടകയ്ക്ക് താമസിക്കുന്ന സാധാരണക്കാരെ ലക്ഷ്യമിട്ടാണ് പലപ്പോഴും ഇത്തരം വ്യാജ ഒഴിപ്പിക്കലുകള്‍ നടക്കുന്നത്. ഇതുവഴി നഗരത്തിലെ കുറഞ്ഞ ചെലവിലുള്ള പാര്‍പ്പിട സൗകര്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഈ പുതിയ നിയമം ഓട്ടവയിലെ വാടക വിപണിയിലേക്കുള്ള നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുമെന്ന് ഈസ്റ്റേണ്‍ ഒന്റാരിയോ ലാന്‍ഡ്ലോര്‍ഡ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ജോണ്‍ ഡിക്കി അഭിപ്രായപ്പെട്ടു. ഇത്തരം അധിക പേപ്പര്‍വര്‍ക്കുകള്‍ കാരണം സാധാരണയായി 4 മാസം കൊണ്ട് തീരേണ്ട അറ്റകുറ്റപ്പണികള്‍ 6 മാസമെങ്കിലും നീണ്ടുപോകാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഈ ലൈസന്‍സിന് അപേക്ഷാ ഫീസ് ഉണ്ടായിരിക്കില്ലെന്നും, നിയമം ലംഘിക്കുന്ന ഭൂവുടമകളില്‍ നിന്ന് ഈടാക്കുന്ന പിഴ തുക ഇതിന്റെ ചിലവുകള്‍ക്കായി ഉപയോഗിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഓട്ടവയില്‍ വര്‍ഷത്തില്‍ ശരാശരി 31 ഒഴിപ്പിക്കല്‍ നോട്ടീസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും എത്രയോ മുകളിലാണെന്ന് വാടകക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷക ക്രിസ്റ്റല്‍ അസി പറയുന്നു. നോട്ടീസ് നല്‍കുന്നതിന് മുന്‍പ് തന്നെ വലിയ തുകകള്‍ വാഗ്ദാനം ചെയ്ത് വാടകക്കാരെ ഒഴുപ്പിക്കാന്‍ ഭൂവുടമകള്‍ ശ്രമിക്കാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2024-ലെ കണക്കുകള്‍ പ്രകാരം ഓട്ടവയിലെ 35 ശതമാനം കുടുംബങ്ങളും വാടകവീടുകളിലാണ് താമസിക്കുന്നത്. 2035 ആകുമ്പോഴേക്കും ഇത് 43 ശതമാനമായി ഉയരുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ വാടകക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ശക്തമായ നിയമങ്ങള്‍ അത്യാവശ്യമാണെന്നാണ് ഉയരുന്ന ആവശ്യം. ഈ ഉപനിയമം അംഗീകരിക്കപ്പെടുകയാണെങ്കില്‍ 2027 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!