Friday, July 3, 2026

യു.എ.ഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പ്രതിസന്ധി നീളും

ദുബായ്: യു.എ.ഇയിലെ ലക്ഷക്കണക്കിന് പ്രവാസികളെ ബുദ്ധിമുട്ടിലാക്കിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവന പ്രതിസന്ധി ഉടനങ്ങും പരിഹരിക്കപ്പെടില്ലെന്ന് സൂചന. പാസ്‌പോര്‍ട്ട് വീസ സേവനങ്ങള്‍ക്കായി പുതിയ കമ്പനിക്ക് കരാര്‍ (ടെണ്ടര്‍) നല്‍കിയതിനെതിരെ ഇ ട്രാവ് ടെക് എന്ന കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഈ മാസം 13-ലേക്ക് മാറ്റി വെച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഹിന്ദ് ട്രാവല്‍സിനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പുതിയ ടെണ്ടര്‍ അനുവദിച്ചിരുന്നത്.

ജൂലൈ ഒന്നു മുതല്‍ അല്‍ഹിന്ദ് ട്രാവല്‍സ് യു.എ.ഇയിലെ സേവനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ടെണ്ടര്‍ നടപടികളെ ചോദ്യം ചെയ്ത് ഇ ട്രാവ് ടെക് സുപ്രീം കോടതിയേയും ഡല്‍ഹി ഹൈക്കോടതിയേയും സമീപിച്ചത്. വെറാസിസ് എന്ന കമ്പനിയും ഈ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കോടതിയില്‍ നിലനില്‍ക്കുന്ന ഈ കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ പുതിയ കമ്പനിക്ക് ഔദ്യോഗികമായി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ കൈമാറുന്നതിന് നിയമ തടസ്സങ്ങള്‍ നേരിടും.

നേരത്തെ യു.എ.ഇയില്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിച്ചിരുന്ന ബി.എല്‍.എസ് ഇന്റര്‍നാഷണല്‍, പുതിയ കമ്പനി ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 25 മുതല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതോടെയാണ് പ്രവാസികള്‍ കടുത്ത പ്രതിസന്ധിയിലായത്. നിലവിലെ അടിയന്തര സാഹചര്യം പരിഹരിക്കുന്നതിനായി അബൂദബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും താല്‍കാലികമായി നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെ 9:00 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് ഈ കാര്യാലയങ്ങളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്.

എംബസിയും കോണ്‍സുലേറ്റും നേരിട്ട് നടത്തുന്ന ഈ താല്‍കാലിക സംവിധാനത്തിന് നിരവധി പരിമിതികളുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷകള്‍ മാത്രമേ ഇവിടെ സ്വീകരിക്കുകയുള്ളൂ. കൂടാതെ അപേക്ഷാ ഫീസ് പണമായി (ക്യാഷ്) മാത്രമേ സ്വീകരിക്കൂ, ബാങ്ക് കാര്‍ഡുകള്‍ വഴി പണമടയ്ക്കാന്‍ കഴിയില്ല. സ്ഥലപരിമിതിയുള്ളതിനാല്‍ അപേക്ഷകര്‍ മാത്രമേ ഓഫീസുകളിലേക്ക് എത്താവൂ എന്നും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അപേക്ഷകള്‍ക്ക് മാത്രം രക്ഷിതാക്കള്‍ക്ക് ഒപ്പം വരാമെന്നും അധികൃതര്‍ അറിയിച്ചു. കോടതിയിലെ കേസ് നടപടികള്‍ നീണ്ടുപോയാല്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ട് പുതുക്കലും മറ്റ് അനുബന്ധ സേവനങ്ങളും കൂടുതല്‍ പ്രതിസന്ധിയിലാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!