Friday, July 3, 2026

ഉഷ്ണതരംഗത്തില്‍ വലഞ്ഞ് യൂറോപ്പ്; മരണം 2,000 കവിഞ്ഞു

പാരിസ്: യൂറോപ്യന്‍ രാജ്യങ്ങളില്‍ കടുത്ത ഉഷ്ണതരംഗത്തെ തുടര്‍ന്നുണ്ടായ അത്യുഷ്ണം ജനജീവിതം പൂര്‍ണ്ണമായും ദുസ്സഹമാക്കുന്നു. ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി മരണസംഖ്യ 2,000 കടന്നതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയര്‍ന്നേക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തുവന്നതോടെ യൂറോപ്പിലുടനീളം അതീവ ജാഗ്രതാ നിര്‍ദ്ദേശവും ശക്തമായ പ്രതിരോധ നടപടികളും അധികൃതര്‍ സ്വീകരിച്ചു വരികയാണ്.

കനത്ത ചൂടിന് പിന്നാലെ ഫ്രാന്‍സ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഫ്രാന്‍സിന്റെ തെക്കന്‍ മേഖലയിലെ ഓഡ്, ഇറോ പ്രവിശ്യകളില്‍ മാത്രം 2200 ഏക്കറിലധികം വനഭൂമിയാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നത്. ഇതേത്തുടര്‍ന്ന് മേഖലയിലെ ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മാര്‍സേയിലുണ്ടായ കാട്ടുതീ കഷ്ടപ്പെട്ട് അണച്ചതിന് പിന്നാലെയാണ് പുതിയ സ്ഥലങ്ങളില്‍ തീ പടര്‍ന്നത്. ഗ്രീസിലുണ്ടായ കാട്ടുതീയില്‍ രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. പല രാജ്യങ്ങളിലും ജലക്ഷാമവും വൈദ്യുതി തടസ്സവും രൂക്ഷമായത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. കനത്ത ചൂടില്‍ റെയില്‍വേ പാളങ്ങള്‍ വിണ്ടുകീറിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഹംഗറി, സ്ലോവേക്യ തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞദിവസം താപനില 41 ഡിഗ്രി സെല്‍ഷ്യസിനും മുകളിലായിരുന്നു രേഖപ്പെടുത്തിയത്.

നെതര്‍ലന്‍ഡ്‌സില്‍ ഒരാഴ്ചയ്ക്കിടെ 40 ഡിഗ്രിക്ക് മുകളില്‍ ചൂട് ഉയര്‍ന്നതോടെ 480 പേര്‍ മരണപ്പെട്ടതായി ഡച്ച് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗം പേരും 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഫ്രാന്‍സിലും സ്‌പെയിനിലും ഏകദേശം 1000 പേര്‍ വീതം ഉഷ്ണതരംഗം മൂലം മരണപ്പെട്ടതായാണ് പ്രാഥമിക കണക്കുകള്‍. സ്‌പെയിനില്‍ കഴിഞ്ഞയാഴ്ച ഒരു ശുചീകരണ തൊഴിലാളി ജോലി ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്ന നഗരസഭാ ജീവനക്കാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കുമായി താപനില മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്ന പ്രത്യേക സ്മാര്‍ട്ട് ബ്രേസ്ലറ്റുകള്‍ ബാര്‍സിലോന നഗരസഭാ അധികൃതര്‍ വിതരണം ചെയ്തു തുടങ്ങി.

അതിനിടെ, ഉഷ്ണതരംഗത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് ആരോപിച്ച് ഫ്രാന്‍സില്‍ രാഷ്ട്രീയ പ്രതിസന്ധിയും ഉടലെടുത്തു. ദുരന്തം നേരിടുന്നതില്‍ ഭരണകൂടം കാണിച്ച വീഴ്ച ചൂണ്ടിക്കാട്ടി ഫ്രാന്‍സിലെ പ്രതിപക്ഷ കക്ഷിയായ ഗ്രീന്‍ പാര്‍ട്ടി പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലുകോനുവിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. വരും ദിവസങ്ങളിലും ചൂട് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!