ഇടുക്കി: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കര്‍ശനമായ പുതിയ നിയന്ത്രണങ്ങളുമായി മൂന്നാര്‍ ഗ്രാമപഞ്ചായത്ത്. പരിസ്ഥിതി സംരക്ഷണത്തിനും വിനോദസഞ്ചാര മേഖലയുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്കുമായി സിംഗിള്‍ യൂസ് (ഒറ്റത്തവണ ഉപയോഗിക്കുന്ന) പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്ക് മൂന്നാറില്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്താനും, പ്ലാസ്റ്റിക് നിയമലംഘനങ്ങള്‍ അധികൃതരെ അറിയിക്കുന്ന പൊതുജനങ്ങള്‍ക്ക് ആകര്‍ഷകമായ പാരിതോഷികം നല്‍കാനുമാണ് പഞ്ചായത്തിന്റെ തീരുമാനം.
സിംഗിള്‍ യൂസ് പ്ലാസ്റ്റിക് കുപ്പികള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍, സ്ട്രോകള്‍ ഉള്‍പ്പെടെ പത്ത് വിഭാഗത്തില്‍പ്പെടുന്ന നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് ഉപയോഗിക്കുകയോ, വില്ക്കുകയോ, ശേഖരിച്ചുവെക്കുകയോ ചെയ്യുന്നത് പൂര്‍ണ്ണമായും വിലക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വ്യക്തികളില്‍ നിന്ന് ആദ്യ തവണ 10,000 രൂപയും, നിയമലംഘനം ആവര്‍ത്തിച്ചാല്‍ 25,000 രൂപയും പിഴയായി ഈടാക്കും. വലിയ സ്ഥാപനങ്ങളും വ്യാപാരശാലകളും ഈ നിയമം ലംഘിക്കുകയാണെങ്കില്‍ 2.5 ലക്ഷം രൂപ വരെയാണ് പിഴ ചുമത്തുക. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരസ്യമായി കത്തിക്കുന്നവര്‍ക്കും, ശാസ്ത്രീയമായ രീതിയില്‍ മാലിന്യ സംസ്കരണം നടത്താത്തവര്ക്കുമെതിരെ ശക്തമായ പിഴ നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.

നിരോധനം കൂടുതല്‍ ഫലപ്രദമാക്കാന്‍ പൊതുജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം, വില്പന, സംഭരണം എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങളോ ചിത്രങ്ങളോ നല്കി നടപടി സ്വീകരിക്കാന്‍ സഹായിക്കുന്നവര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കും. നിയമലംഘകരില്‍ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 25 ശതമാനം വരെയാണ് ഇങ്ങനെ വിവരം നല്‍കുന്നവര്‍ക്ക് സമ്മാനമായി ലഭിക്കുക. ഇതിനായി പ്രത്യേക വാട്ട്സ്ആപ്പ് നമ്പര്‍ ഉടന്‍ തന്നെ പ്രവര്‍ത്തനസജ്ജമാക്കുമെന്നും മൂന്നാര്‍ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
