Friday, July 3, 2026

ബംഗളുരു ഡേ കെയറിലെ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ ഐടി കമ്പനി കാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്ററില്‍ കുട്ടികളോട് അതിക്രൂരമായി പെരുമാറിയ കേസില്‍ ഒരു ആയയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. വിജയലക്ഷ്മി എന്ന സ്ത്രീയാണ് പിടിയിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളായ ഭവാനി, സിന്ധു, ബിന്ദു, മഞ്ജുള എന്നിവര്‍ക്ക് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവം വലിയ രീതിയില്‍ വിവാദമായതോടെ ഡേ കെയര്‍ സെന്റര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ബെംഗളൂരുവിലെ ‘ക്യാപ്ജെമിനി’ എന്ന പ്രമുഖ ഐടി കമ്പനിയുടെ ബ്രൂക്ക്ഫീല്‍ഡ്‌സ് കാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ‘ലിറ്റില്‍ ബഡ്‌സ് ഡേ കെയര്‍’ എന്ന ശിശുസംരക്ഷണ കേന്ദ്രത്തിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. കമ്പനിയിലെ ഐടി ജീവനക്കാരുടെ കുട്ടികളെ നോക്കുന്നതിനായിട്ടായിരുന്നു ഈ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ആയമാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഈ പീഡനവിവരം പുറംലോകമറിയുന്നത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ബെംഗളൂരുവിലെ ചൈല്‍ഡ് ഹെല്‍പ്പ്ലൈന്‍ ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ലീഗല്‍ ആന്‍ഡ് പ്രൊബേഷന്‍ ഓഫീസറായ തിലകേഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 29-നാണ് എച്ച്എഎല്‍ (HAL) പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിതയിലെ ക്രിമിനല്‍ ഭീഷണിപ്പെടുത്തലുമായി ബന്ധപ്പെട്ട വകുപ്പുകളും, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളും ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് നാല് പ്രതികള്‍ ഇതുവരെ പോലീസിന് മുന്നില്‍ ഹാജരായിട്ടില്ലെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണെന്നും ബെംഗളൂരു പോലീസ് വ്യക്തമാക്കി.

കുട്ടികളെ മുഴുവന്‍ സമയവും ബാത്ത്റൂമുകളില്‍ പൂട്ടിയിടുക, ഫ്രണ്ട്-ലോഡിങ് വാഷിങ് മെഷീന്റെ ഡ്രമ്മിനുള്ളില്‍ നിര്‍ബന്ധിച്ച് ഇരുത്തുക, ടോയ്ലെറ്റ് സ്പ്രേ ഉപയോഗിച്ച് കുട്ടികളുടെ മുഖത്തേക്കും വായയിലേക്കും വെള്ളം അടിക്കുക, വെള്ളം നിറഞ്ഞ ഇടുങ്ങിയ പൈപ്പുകളിലേക്ക് കുട്ടികളെ തള്ളിവിടുക തുടങ്ങിയ അതിക്രൂരമായ പീഡനങ്ങളാണ് ഈ ആയമാര്‍ കുരുന്നുകളോട് ചെയ്തിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവം പുറത്തുവന്നതിന് പിന്നാലെ, തങ്ങള്‍ക്ക് ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും പോലീസിന്റെ ഭാഗത്തുനിന്നുള്ള എല്ലാ അന്വേഷണങ്ങളോടും പൂര്‍ണ്ണമായി സഹകരിക്കുമെന്നും ഐടി കമ്പനി ഔദ്യോഗികമായി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!