Friday, July 3, 2026

പ്രതികൂല കാലാവസ്ഥ: ചാര്‍ട്ടര്‍ ബോട്ടിലെ തിരച്ചില്‍ ദുഷ്‌ക്കരമെന്ന് ആര്‍സിഎംപി

വിക്ടോറിയ: ബ്രിട്ടിഷ് കൊളംബിയ (ബി.സി) തീരത്ത് മുങ്ങിയ ചാര്‍ട്ടര്‍ ബോട്ടിലെ തിരച്ചില് പ്രതിസന്ധിയില്‍. കടലിലെ പ്രതികൂല സാഹചര്യങ്ങള്‍ തിരച്ചിലിന് വന്‍ തിരിച്ചടിയാകുന്നതായി അധികൃതര്‍. കാണാതായവര്‍ക്കും മുങ്ങിയ ബോട്ടിനുമായുള്ള അടിത്തട്ടിലെ തിരച്ചില്‍ ദുഷ്‌കരമായ സാഹചര്യങ്ങള്‍ കാരണം മന്ദഗതിയിലാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

റിച്ച്മണ്ട് ആര്‍.സി.എം.പി വ്യാഴാഴ്ച പുറത്തുവിട്ട പുതിയ വിവരങ്ങള്‍ പ്രകാരം, അണ്ടര്‍വാട്ടര്‍ റിക്കവറി ടീമും വെസ്റ്റ് കോസ്റ്റ് മറൈന്‍ സര്‍വീസും സംയുക്തമായി സോണാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കടലിനടിയില്‍ മുങ്ങിപ്പോയ ബോട്ട് കണ്ടെത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ കടലിലെ നിലവിലെ അവസ്ഥകള്‍ അതീവ വെല്ലുവിളി നിറഞ്ഞതാണെന്നും ഇത് തിരച്ചില്‍ പ്രക്രിയയുടെ വേഗത കുറയ്ക്കുന്നുവെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ബോട്ട് ഇന്ന് കണ്ടെത്തിയാല്‍ പോലും അത് സുരക്ഷിതമായി പരിശോധിച്ച്, വിവരങ്ങള്‍ രേഖപ്പെടുത്തി പുറത്തെടുക്കാന്‍ ഇനിയും ദിവസങ്ങളോളം എടുത്തേക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച അപകടം നടക്കുമ്പോള്‍ പത്ത് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനം പ്രദേശത്ത് നടത്തിയിരുന്നു. തിരച്ചിലിനൊടുവില്‍ നാല് പേരെ ജീവനോടെ കണ്ടെത്തി സുരക്ഷിതമായി തീരത്തെത്തിക്കാന്‍ സാധിച്ചെങ്കിലും ബാക്കി ആറ് പേരെ കണ്ടെത്താനായില്ല. തുടര്‍ന്ന് വിപുലമായ തിരച്ചില്‍ അവസാനിപ്പിച്ച പോലീസ്, ബാക്കിയുള്ള ആറ് പേരും മുങ്ങിമരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ദുരന്തത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഇപ്പോഴും തുടരുകയാണ്. നിരവധി ആളുകള്‍ ഈ സംഭവത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് അറിയാമെന്നും, തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കാണിക്കുന്ന ക്ഷമയ്ക്കും സഹകരണത്തിനും നന്ദി അറിയിക്കുന്നതായും റിച്ച്മണ്ട് ആര്‍.സി.എം.പി വക്താവ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!