വാഷിങ്ടണ്‍: അമേരിക്കയുടെ ഇരുന്നൂറ്റി അന്‍പതാം (250th) സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ രാജ്യത്തിന്റെ പാരമ്പര്യവും ചരിത്രപരമായ നേട്ടങ്ങളും പ്രകീര്‍ത്തിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാഷിങ്ടണ്ണിലെ നാഷണല്‍ മാളില്‍ നടന്ന വിപുലമായ ചടങ്ങില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ, ലോകത്ത് മറ്റൊരു രാജ്യത്തിനും അമേരിക്കയെപ്പോലെ ആകാനാവില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകി, പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് നാഷണല്‍ മാളിലെ പരിപാടികള്‍ ആരംഭിച്ചത്. അമേരിക്കയുടെ സുവര്‍ണകാലത്തിന്റെ തുടക്കമാണിതെന്നും ദൈവമാണ് അമേരിക്കയുടെ വിധി നിര്‍ണയിക്കുന്നതെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ ചരിത്രത്തിലെ നിര്‍ണായക നാഴികക്കല്ലുകള്‍ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രസിഡന്റിന്റെ പ്രസംഗം. ജോര്‍ജ് വാഷിങ്ടണ്ണിന്റെ ശവപ്പെട്ടിക്കുമേല്‍ പൊതിഞ്ഞിരുന്ന 1777-ലെ ചരിത്രപ്രസിദ്ധമായ അമേരിക്കന്‍ പതാക സാക്ഷിയാക്കി, രാജ്യത്തിന്റെ ചരിത്രനിമിഷങ്ങളില്‍ പങ്കാളികളായ പ്രമുഖരെ ട്രംപ് വേദിയിലെത്തിച്ചു. രണ്ടാം ലോകമഹായുദ്ധം, വിയറ്റ്നാം യുദ്ധം, കൊറിയന്‍ യുദ്ധം എന്നിവയില്‍ പോരാടിയ വീരസൈനികരെയും, നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ പങ്കെടുത്തവരെയും അദ്ദേഹം ആദരിച്ചു. കൂടാതെ, 1972-ലെ അപ്പോളോ 17 ദൗത്യത്തില്‍ ചാന്ദ്രോപരിതലത്തില്‍ നടന്ന പന്ത്രണ്ടാമത്തെയും അവസാനത്തെയും വ്യക്തിയായ ലൂണാര്‍ മൊഡ്യൂള്‍ പൈലറ്റ് ഹാരിസണ്‍ ജാക് ഷ്മിറ്റിനെയും ട്രംപ് വേദിയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി.

പ്രസംഗത്തിലുടനീളം കമ്മ്യൂണിസത്തിനെതിരെ കടുത്ത ഭാഷയിലാണ് ട്രംപ് ആഞ്ഞടിച്ചത്. കമ്മ്യൂണിസം സമൂഹത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടേണ്ട ഒരു കാന്‍സറാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, നിലവിലെ ഇറാന്‍ യുദ്ധ സാഹചര്യങ്ങളെക്കുറിച്ചും പരാമര്‍ശിച്ചു. അമേരിക്ക ഇന്ന് മറ്റെപ്പോഴത്തേക്കാളും ശക്തവും സുരക്ഷിതവുമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതോടൊപ്പം, രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ‘സേവ് അമേരിക്ക ആക്ട്’ (Save America Act) നടപ്പിലാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഈ നിയമത്തിലൂടെ വോട്ട് രേഖപ്പെടുത്താന്‍ പൗരത്വത്തിന്റെ തെളിവും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കുമെന്നും, കടുത്ത അസുഖം, സൈനിക വിന്യാസം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ ഒഴികെ മെയില്‍-ഇന്‍ ബാലറ്റുകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസംഗത്തിന് പിന്നാലെ ആകാശത്ത് യുദ്ധവിമാനത്തിന്റെ ഫ്‌ലൈപാസ്റ്റും 40 മിനിറ്റോളം നീണ്ടുനിന്ന വര്‍ണ്ണാഭമായ വെടിക്കെട്ടും അരങ്ങേറി.
