അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ ഏഴംഗ മത്സ്യത്തൊഴിലാളി സംഘത്തെ വീണ്ടും കാണാതായി. ജൂലൈ ഒന്നിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കടലില്‍ പോയ തൊഴിലാളികളെയാണ് കാണാതായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ‘MVF 83’ എന്ന ബോട്ടുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ വിപുലമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ദേശീയ ദുരന്ത പ്രതികരണ സേന (NDRF), സംസ്ഥാന ദുരന്ത പ്രതികരണ സേന (SDRF), കോസ്റ്റ് ഗാര്‍ഡ് എന്നിവരും അതോടൊപ്പം മുങ്ങല്‍ വിദഗ്ധരും അടങ്ങുന്ന സംഘമാണ് കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍, മേഖലയില്‍ ഇപ്പോഴും തുടരുന്ന അതിശക്തമായ മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത തടസ്സം സൃഷ്ടിക്കുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

കടലില്‍ അതിശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് തങ്ങള്‍ സുരക്ഷിതമായി മടങ്ങിവരികയാണെന്ന് കാണാതായ തൊഴിലാളികള്‍ ഫോണിലൂടെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇവര്‍ കരയില്‍ തിരിച്ചെത്തുമെന്നാണ് വീട്ടുകാര്‍ക്ക് നല്‍കിയിരുന്ന വിവരം. എന്നാല്‍ നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും ബോട്ടും തൊഴിലാളികളും തിരിച്ചെത്താതിരുന്നതോടെ കുടുംബാംഗങ്ങള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.
