കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ അതിശക്തമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടു. യുക്രെയ്ന്‍ വ്യോമസേനയുടെ കണക്കുകള്‍ പ്രകാരം 351 ഡ്രോണുകളും 68 മിസൈലുകളുമാണ് റഷ്യന്‍ സേന പ്രയോഗിച്ചത്. ഇതില്‍ 29 ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും വലിയ തോതില്‍ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അടുത്തിടെ റഷ്യന്‍ മണ്ണില്‍ യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇതെന്നാണ് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. ഡ്രോണുകളും മിസൈലുകളും നിര്‍മിക്കുന്ന കീവിലെ ആയുധനിര്‍മാണശാലകളെയും, വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും റഷ്യന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെന്ന റഷ്യയുടെ ഈ അവകാശവാദം യുക്രെയ്ന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കീവില്‍ റഷ്യ നടത്തുന്ന ആക്രമണ പരമ്പരകളില്‍ ഒടുവിലത്തേതാണ് ഇത്. കഴിഞ്ഞ വ്യാഴാഴ്ച കീവിലുണ്ടായ സമാനമായ റഷ്യന്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വന്‍ മിസൈല്‍ വര്‍ഷം ഉണ്ടായിരിക്കുന്നത്.
