Tuesday, July 7, 2026

ഗാസയിലെ ഭരണസമിതി പിരിച്ചുവിട്ട ഹമാസ് നടപടിയെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: ഗാസയിലെ തങ്ങളുടെ താല്‍ക്കാലിക ഭരണസമിതി പിരിച്ചുവിട്ട ഹമാസ് നടപടിയെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗാസ മുനമ്പ് ഭരിച്ചുപോന്നിരുന്ന ഭരണസമിതിയാണ് (ഗവേണിംഗ് ബോഡി) ഹമാസ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. ഗാസയില്‍ സിവിലിയന്‍ ഭരണം നടപ്പിലാക്കുന്നതിനായി ഒരു വിദഗ്ധ സമിതിക്ക് അധികാരം കൈമാറുന്നതിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം. യുഎസ് പിന്തുണയോടെയുള്ള സമാധാന പദ്ധതിയുടെ ഭാഗമായി ഗാസയുടെ ഭരണം സാങ്കേതികവിദഗ്ധര്‍ അടങ്ങിയ പുതിയ സമിതിക്ക് കൈമാറാന്‍ തയാറാണെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ഇതോടെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച യുദ്ധാനന്തര ഗാസ പുനര്‍നിര്‍മാണ പദ്ധതി നടപ്പിലാക്കാന്‍ ഇസ്രയേലിനു മേല്‍ സമ്മര്‍ദമേറും.

വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിനും യുഎന്‍ രക്ഷാസമിതി പ്രമേയങ്ങളിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സഹായിക്കുന്ന ഏത് നടപടിയെയും സ്വാഗതം ചെയ്യുന്നതായി യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വ്യക്തമാക്കി. പലസ്തീന്‍ അതോറിറ്റിയുടെ കീഴിലുള്ള ഏകീകൃത പലസ്തീന്‍ ഭരണത്തിനായുള്ള ശ്രമങ്ങളെ യുഎന്‍ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ എമര്‍ജന്‍സി കമ്മിറ്റി തലവന്‍ മുഹമ്മദ് അല്‍-ഫറ ഔദ്യോഗികമായി രാജി സമര്‍പ്പിക്കുകയും കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തതോടെ 2007 മുതല്‍ ഗാസയില്‍ തുടരുന്ന ഹമാസ് ഭരണത്തിനാണ് മാറ്റം വരുന്നത്.

യുഎസ് മുന്‍കൈയെടുത്ത് രൂപീകരിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, പലസ്തീനിയന്‍ വിദഗ്ധര്‍ അടങ്ങുന്ന ‘നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ’ (NCAG) ഇനി ഭരണപരമായ ചുമതലകള്‍ ഏറ്റെടുക്കും. പലസ്തീനിയന്‍ എഞ്ചിനീയറും മുന്‍ ഉദ്യോഗസ്ഥനുമായ അലി ഷാത്ത് ആണ് ഈ സമിതിയുടെ തലവന്‍. യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സിവിലിയന്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുക എന്നിവയുമാണ് ഈ സമിതിയുടെ ലക്ഷ്യം.

ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്കും അധിനിവേശത്തിനും കാരണമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് തങ്ങള്‍ ഭരണപരമായ ചുമതലകളില്‍ നിന്ന് മാറുന്നതെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം വ്യക്തമാക്കി. സിവിലിയന്‍ ഭരണത്തില്‍ നിന്ന് പിന്മാറിയെങ്കിലും ഗാസയിലെ സുരക്ഷാ ചുമതലകളും തങ്ങളുടെ ആയുധങ്ങളും ഹമാസ് പൂര്‍ണ്ണമായി പുതിയ സമിതിക്ക് കൈമാറുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിചിതത്വം നിലനില്‍ക്കുന്നുണ്ട്. എല്ലാ ആയുധങ്ങളും സിവിലിയന്‍ സമിതിയുടെ കീഴില്‍ വരണമെന്നാണ് അന്താരാഷ്ട്ര മധ്യസ്ഥര്‍ ആവശ്യപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!