ഫ്രെഡറിക്ടൺ: ന്യൂബ്രൺസ് വിക്കിലെ വാഹന മോഷണം കേസിൽ നോവസ്കോഷയിലെ സ്പ്രിങ്‌ഹിൽ സ്വദേശികളായ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. ജൂൺ 21-ന് സാക്ക്‌വില്ലിലെ മെയിൻ സ്ട്രീറ്റിലുള്ള ഒരു വ്യാപാര സ്ഥാപനത്തിന് സമീപമാണ് സംഭവം. കാറിൽ കയറുന്നതിനിടെ ഒരു സ്ത്രീയെ ആക്രമിച്ചായിരുന്നു വാഹനം തട്ടിയെടുത്തത്. പ്രതി ബലം പ്രയോഗിച്ച് വാഹനത്തിന്റെ താക്കോൽ കൈക്കലാക്കുകയായിരുന്നു.

സംഭവത്തിൽ പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.നാല് ദിവസത്തിന് ശേഷം വാഹനം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരുവരെയും മോങ്ക്ടൺ പ്രൊവിൻഷ്യൽ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു.
