മുംബൈ: മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് എൽപിജി പ്ലാന്റിൽ വെള്ളം കയറി. റായ്ഗഡ് ജില്ലയിലെ എച്ച്പിസിഎല്ലിന്റെ പാതൽഗംഗ എൽപിജി ബോട്ട്ലിംഗ് പ്ലാന്റിലാണ് വെള്ളം കയറിയത്. ഏകദേശം 3,000 എൽപിജി സിലിണ്ടറുകൾ ഒഴുകിപ്പോയതായി അധികൃതർ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് പ്ലാന്റിന്റെ സംരക്ഷണഭിത്തി തകർന്നതാണ് സിലിണ്ടറുകൾ പുറത്തേക്ക് ഒഴുകിപ്പോകാൻ കാരണമായത്. നിരവധി സിലിണ്ടറുകൾ സമീപ നദിയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും ഒഴുകിയെത്തിയിട്ടുണ്ട്. ഇങ്ങനെയെത്തിയ സിലിണ്ടറുകളിൽ ആരും തൊടുകയോ അവ വീട്ടിലേക്കോ മറ്റേതെങ്കിലും സ്ഥലങ്ങളിലേക്കോ കൊണ്ടുപോകുകയോ ചെയ്യരുതെന്ന് റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജാവാലെ മുന്നറിയിപ്പ് നൽകി. നദികളിലോ സമീപ പ്രദേശങ്ങളിലോ എൽപിജി സിലിണ്ടറുകൾ കണ്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഒഴുകിപ്പോയ സിലിണ്ടറുകളിൽ വാതകം നിറച്ചിട്ടുണ്ടോയെന്നും അവ സുരക്ഷിതമായ നിലയിലാണോയെന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്നും സിലിണ്ടറുകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട പൊതുസ്ഥാപനങ്ങൾക്കോ കമ്പനിക്കോ കൈമാറാൻ സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.അതേസമയം, സിലിണ്ടറുകൾ വെള്ളത്തിൽ ഒഴുകുന്നതും വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടി കിടക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
