തിരുവനന്തപുരം:കാപ്പ നിയമപ്രകാരം തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ഇടക്കാല ജാമ്യം അനുവദിച്ചു. നെടുമങ്ങാട് കോടതിയാണ് ജൂലൈ 13 വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി ഒൻപത് മണി വരെയാണ് ജാമ്യം അനുവദിച്ചത്.
നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാൽ, കാപ്പ കേസിലും ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചാൽ മാത്രമേ സുഗതന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയൂ. ഇതിനായി നിലവിലെ ജാമ്യ ഉത്തരവുമായി ഹൈക്കോടതിയെ സമീപിക്കേണ്ടതുണ്ട്.

ജാമ്യ വ്യവസ്ഥകൾ പ്രകാരം രാവിലെ 11 മണിക്ക് തിരുവനന്തപുരം കോർപറേഷനിൽ എത്തി സത്യപ്രതിജ്ഞ ചെയ്ത് 11.30നകം മടങ്ങണം. മറ്റ് പൊതുപരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കാൻ അനുവാദമില്ല.
ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കുകയും രണ്ട് ആൾജാമ്യക്കാർ ഹാജരാകുകയും വേണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സത്യപ്രതിജ്ഞ നടത്താൻ ജാമ്യം നിഷേധിക്കുന്നത് ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്ന നിരീക്ഷണവും കോടതി രേഖപ്പെടുത്തി.
