Saturday, July 11, 2026

“എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇറാനെ തകര്‍ക്കും..”; ബോംബാക്രമണം നടത്താന്‍ മുന്‍കൂറായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ കഴിഞ്ഞ മാസം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇനി പ്രാബല്യത്തിലില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇതോടെ ഗള്‍ഫ് മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വീണ്ടും അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. കരാര്‍ റദ്ദാക്കിയെങ്കിലും നയതന്ത്രപരമായ ചര്‍ച്ചകള്‍ തുടരാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു.

തന്നെ വധിക്കാന്‍ ഇറാന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇറാനില്‍ അതിശക്തമായ ബോംബാക്രമണം നടത്താന്‍ പ്രതിരോധ സേനകള്‍ക്ക് മുന്‍കൂര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്നെ വധിക്കാനുള്ള പദ്ധതികള്‍ ഇറാന്‍ പുതുതായി ഉണ്ടാക്കിയതല്ലെന്നും കാലങ്ങളായി അവര്‍ അത് ആഗ്രഹിക്കുന്നതാണെന്നും പറഞ്ഞ ട്രംപ്, അത്തരമൊരു ശ്രമത്തിന് മുതിര്‍ന്നാല്‍ ഇറാന്റെ നാശമായിരിക്കും ഫലമെന്നും ഓര്‍മ്മിപ്പിച്ചു.

അതിനിടെ, മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങള്‍ ശക്തമായി തുടരുകയാണ്. ഇറാന്റെ ആണവനിലയങ്ങള്‍ ഉള്‍പ്പെടെ 170-ലധികം തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് അമേരിക്ക ഇതിനകം വ്യോമാക്രമണം നടത്തിയത്. എന്നാല്‍ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പുതിയ ആക്രമണങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നാണ് അമേരിക്കന്‍ വാദം. അതേസമയം പ്രതിരോധവും പ്രത്യാക്രമണവും തുടരുമെന്ന് പ്രഖ്യാപിച്ച ഇറാന്‍, ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിക്കഴിഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് ബ്രിട്ടീഷ് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക ശക്തമായ കടന്നാക്രമണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് (IRGC) ഉദ്യോഗസ്ഥര്‍ അടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗള്‍ഫ് മേഖലയില്‍ അമേരിക്ക നടത്തുന്ന സുപ്രധാന സൈനിക നീക്കങ്ങള്‍ യുഎസ് പ്രസിഡന്റ് ഇസ്രയേല്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ധരിപ്പിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!