മാഡ്രിഡ്: യൂറോപ്യന്‍ രാജ്യമായ സ്പെയിനില്‍ ആഞ്ഞടിക്കുന്ന അതിശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്നുണ്ടായ വലിയ കാട്ടുതീയില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം. തെക്കന്‍ സ്പെയിനിലെ അന്‍ഡലൂഷ്യ പ്രവിശ്യയിലാണ് സംഭവം. മരിച്ചവരില്‍ നാല് പേര് ബ്രിട്ടീഷ് പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. ദുരന്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വന്‍തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തീ പടര്‍ന്ന് വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ നിലയിലാണ് പല മൃതദേഹങ്ങളും കണ്ടെത്തിയത്. പരിക്കേറ്റ ചിലരെയും ഇത്തരത്തില്‍ കാറുകള്‍ക്കുള്ളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട 23 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിക്കേറ്റ് വിര്‍ജെന്‍ ഡെല്‍ റോസിയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാല് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

അന്‍ഡലൂഷ്യന്‍ മേഖലയില്‍ മാത്രം ഇതിനകം 4,000 ഹെക്ടറിലധികം ഭൂമി കത്തിനശിച്ചതായി പ്രവിശ്യാ പ്രസിഡന്റ് ജുവാന്മ മൊറേനോ വ്യക്തമാക്കി. മേഖലയില്‍ ഇപ്പോഴും തീ പടരുകയാണെന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്ന നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ തെക്കന്‍ പ്രവിശ്യയായ മലാഗയിലും കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് ആയിരത്തിലധികം ആളുകളെ ഇവിടെ നിന്നും അടിയന്തരമായി മാറ്റിപ്പാര്‍പ്പിച്ചു.
മേഖലയില്‍ അനുഭവപ്പെടുന്ന 40 ഡിഗ്രിക്ക് മുകളിലുള്ള കടുത്ത താപനിലയും വരണ്ട കാലാവസ്ഥയുമാണ് തീ അതിവേഗം പടരാന്‍ കാരണമായത്. ഇതിനൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ശക്തമായ കാറ്റ് തീയണക്കാനുള്ള ശ്രമങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനും വലിയ രീതിയില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. മലാഗയിലും അന്ഡലൂഷ്യയിലുമായി മുന്നൂറിലധികം അഗ്നിശമന സേനാംഗങ്ങളെയാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്.
