ഡൽഹി: ഹോർമൂസ് കടലിടുക്കിൽ രണ്ട് ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാന്റെ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ ഔദ്യോഗിക പ്രതിഷേധം അറിയിച്ചു. ആക്രമിക്കപ്പെട്ട രണ്ട് ചരക്കുകപ്പലുകളിലായി 30 ഇന്ത്യക്കാരുണ്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 11 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒമാൻ അതിർത്തിക്കുള്ളിലെ ഹോർമൂസ് കടലിടുക്കിന്റെ തെക്കൻ സമുദ്രപാതയിലാണ് യുഎഇയുടെ മൊംബാസ, ബഹിയ എന്ന ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് ഇരുകപ്പലുകളിലും തീപിടിച്ചു. മൊംബാസ കപ്പലിലെ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പരുക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരാണ്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. മരിച്ച ഇന്ത്യക്കാരന്റെ കുടുംബവുമായി യുഎഇയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടു. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും എല്ലാ കോൺസുലർ സഹായങ്ങളും ഉറപ്പാക്കുമെന്ന് എംബസി അറിയിച്ചു.സംഭവത്തെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ അപലപിച്ചു. മേഖലയിലെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് വിവിധ രാജ്യങ്ങൾ അഭിപ്രായപ്പെട്ടു.

അതേസമയം, ബഹ്റൈനിലും ഇന്ന് ഇറാന്റെ ആക്രമമുണ്ടായി. ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി ബഹ്റൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഹോർമൂസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രവ്യാപാര പാതകളിലൊന്നാണ്. ഇവിടെ സുരക്ഷാ ഭീഷണി ഉയരുന്നത് ആഗോള എണ്ണവിതരണത്തെയും അന്താരാഷ്ട്ര ചരക്കുകടത്തിനെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. മുൻപുണ്ടായ ആക്രമണങ്ങളിലും ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടക്കുകയും ഒരു ഇന്ത്യൻ പൗരന് ജീവൻ നഷ്ടപ്പെടുകയും ചെയ്തത്.
