Thursday, July 16, 2026

G സുധാകരനെതിരെ നിയമനടപടിക്ക് CPM; ‘പൊളിറ്റിക്കൽ ക്രിമിനൽ’ പരാമർശത്തിൽ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: ജി. സുധാകരനെതിരെ നിയമനടപടിയുമായി സിപിഎം. പാർട്ടിക്കെതിരെ നടത്തിയ ‘പൊളിറ്റിക്കൽ ക്രിമിനൽ’ പരാമർശം പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാവശ്യപ്പെട്ട് ജി. സുധാകരന് വക്കീൽ നോട്ടീസ് അയച്ചു.ആലപ്പുഴ നഗരസഭ പാർലമെന്ററി പാർട്ടി നേതാവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ വി ജി വിഷ്ണുവാണ് സുധാകരന് നോട്ടീസ് അയച്ചത്. വിവാദ പരാമർശം പിൻവലിച്ച് പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം.

സിപിഎമ്മിനെതിരായ വിമർശനങ്ങളിൽ ജി. സുധാകരൻ തുടർച്ചയായി ഉപയോഗിക്കുന്ന പ്രയോഗമാണ് ‘പൊളിറ്റിക്കൽ ക്രിമിനൽ’ എന്നതെന്നാണ് പാർട്ടി ആരോപിക്കുന്നത്. ആലപ്പുഴയിലെ സിപിഎം നേതൃത്വത്തിനെതിരെ ക്രിമിനൽ സംഘമെന്ന തരത്തിലുള്ള പരാമർശങ്ങളാണ് സുധാകരൻ നടത്തുന്നതെന്നും ഇത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നതായും സിപിഎം ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും സുധാകരൻ ഇത്തരം പരാമർശങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ലെന്നാണ് സിപിഎം വിലയിരുത്തൽ. പൊതുവേദികളിൽ എംഎൽഎ എന്ന നിലയിൽ സിപിഎമ്മിനെതിരെ നടത്തുന്ന പ്രസ്താവനകൾ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്ന് നേരത്തെ പാർട്ടി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് നിയമനടപടികളിലൂടെയും വിഷയത്തെ നേരിടാനുള്ള നീക്കവുമായി സിപിഎം രംഗത്തെത്തിയത്. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കാത്ത പക്ഷം തുടർ നിയമനടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!