പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി. ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇവർ മൈസൂരു ചാമരാജ് നഗറിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
കഴിഞ്ഞ 9-ാം തീയതി പുലർച്ചെയോടെയാണ് വാണിയംകുളം പനയൂർ സ്വദേശികളായ കുടുംബത്തെ കാണാതായത്. കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയത്.വീട്ടിൽ നിന്ന് പിക്കപ്പ് വാഹനം പുറപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് വാഹനം വഴിക്കടവ് ചുരത്തിൽ കണ്ടെത്തിയതോടെ കുടുംബം സഞ്ചരിച്ച വഴികൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിലും അന്വേഷണത്തിലുമാണ് കുടുംബം കർണാടകയിലെത്തിയതായി വ്യക്തമായത്.കുടുംബത്തെ കണ്ടെത്തുന്നതിനായി ബാബു ഭാസ്കറിന്റെ മൂത്ത മകൻ വൈശാഖും കർണാടകയിൽ എത്തിയിരുന്നു. നിലവിൽ കുടുംബത്തെ കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
