Thursday, July 16, 2026

വഖഫ് ബോർഡ് ഭരണം ഇനി സർക്കാർ നിയന്ത്രണത്തിൽ; ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നൽകും

കൊച്ചി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാന വഖഫ് ബോർഡിന്റെ ഭരണ നിയന്ത്രണം സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലേക്ക്. വഖഫ് ബോർഡിന്റെ ദൈനംദിന ഭരണച്ചുമതല സർക്കാർ ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

നിലവിലെ വഖഫ് ബോർഡ് രൂപീകരണം ഭേദഗതി ചെയ്ത വഖഫ് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്ന ഹർജിക്കാരുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ. പുതിയ നിയമഭേദഗതി പ്രകാരം ബോർഡിൽ ഉൾപ്പെടുത്തേണ്ട രണ്ട് മുസ്‌ലിമേതര അംഗങ്ങളുടെ നിയമനം നടന്നിട്ടില്ലെന്നും സർക്കാരിനെ പ്രതിനിധീകരിക്കുന്ന ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ബിജെപി നേതാവ് ഷോൺ ജോർജ് ഉൾപ്പെടെ നാല് പേർ നൽകിയ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിലവിലെ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.കോടതി ഉത്തരവോടെ വഖഫ് ബോർഡിന്റെ ഭരണപരമായ ചുമതല സർക്കാർ വഖഫ് വകുപ്പിന്റെ മേൽനോട്ടത്തിലാകും. ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെയോ അഡീഷണൽ ചീഫ് സെക്രട്ടറിയെയോ ചുമതല ഏൽപ്പിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.

കെ.എസ്. ഹംസ അധ്യക്ഷനായ നിലവിലെ വഖഫ് ബോർഡും സർക്കാരും തമ്മിൽ നേരത്തെ ചില വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. പുതിയ ഉത്തരവ് വന്നതോടെ ബോർഡിന്റെ ഭരണകാര്യങ്ങളിൽ സർക്കാരിന് കൂടുതൽ നിയന്ത്രണം ലഭിക്കുന്ന സാഹചര്യമാണുള്ളത്.

1995ലെ വഖഫ് നിയമത്തിലെ ഭേദഗതി വ്യവസ്ഥകൾ പ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദേശത്തിന്റെ പ്രധാന ഭാഗം. നിലവിൽ ഒമ്പത് അംഗങ്ങളുള്ള വഖഫ് ബോർഡിന്റെ അംഗസംഖ്യ 11 ആയി ഉയരാനുള്ള സാധ്യതയുണ്ട്. ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിൽ അമുസ്‌ലിം അംഗങ്ങളെ നിയമിക്കേണ്ട സാഹചര്യം ഇതോടെ സർക്കാരിന് മുന്നിലുണ്ട്.

അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ നിലവിലെ വഖഫ് ബോർഡ് അംഗങ്ങൾ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണെന്നാണ് സൂചന. ഉത്തരവിന് സ്റ്റേ ലഭിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കാനും സാധ്യത.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!