Tuesday, July 21, 2026

ഇന്ധനവിലയിലെ ഇടിവ് പണപ്പെരുപ്പം കുറച്ചു; ജൂണിലെ കണക്കുകൾ പുറത്തുവിട്ട് സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഓട്ടവ: ഇന്ധനവിലയിൽ ഉണ്ടായ ഇടിവിനെ തുടർന്ന് കാനഡയിലെ പണപ്പെരുപ്പ നിരക്ക് ജൂണിൽ 2.8 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. മേയ് മാസത്തിൽ രേഖപ്പെടുത്തിയിരുന്ന 3.2 ശതമാനത്തിൽ നിന്നാണ് പണപ്പെരുപ്പം കുറഞ്ഞത്. സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതിലും താഴെയാണ് ജൂണിലെ നിരക്ക്.

മിഡിൽ ഈസ്റ്റിലെ സംഘർഷത്തെ തുടർന്ന് മുൻ മാസങ്ങളിൽ കുതിച്ചുയർന്ന എണ്ണവിലയാണ് മേയ് മാസത്തിൽ പണപ്പെരുപ്പം ഉയരാൻ പ്രധാന കാരണമായിരുന്നത്. എന്നാൽ അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിച്ചതിനെ തുടർന്ന് ജൂണിൽ പെട്രോൾ വിലയിൽ 10 ശതമാനത്തിലേറെ ഇടിവുണ്ടായി. ഇതാണ് പണപ്പെരുപ്പ നിരക്ക് കുറയാൻ പ്രധാന കാരണം.

പലചരക്ക് സാധനങ്ങളുടെ വിലയിൽ ഇപ്പോഴും വാർഷികാടിസ്ഥാനത്തിൽ 3.9 ശതമാനം വർധന രേഖപ്പെടുത്തിയെങ്കിലും, പഴവർഗങ്ങളുടെ വിലക്കയറ്റം നേരിയ തോതിൽ കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമായി. അതേസമയം, ഫിഫ ലോകകപ്പ് മത്സരങ്ങൾ ടൊറന്റോയിലും വൻകൂവറിലും നടന്നതിനെ തുടർന്ന് ഒന്റാരിയോയിലും ബ്രിട്ടീഷ് കൊളംബിയയിലും ഹോട്ടൽ, താമസസൗകര്യ നിരക്കുകളിൽ ഗണ്യമായ വർധനയുണ്ടായി.

സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം പെട്രോൾ വില ഒഴിവാക്കി കണക്കാക്കിയാൽ പണപ്പെരുപ്പം 2.2 ശതമാനത്തിൽ സ്ഥിരത പുലർത്തി. ബാങ്ക് ഓഫ് കാനഡ വിലയിരുത്തുന്ന അടിസ്ഥാന പണപ്പെരുപ്പ സൂചികകളും ജൂണിൽ നേരിയ തോതിൽ താഴ്ന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഇന്ധനവില കുറഞ്ഞതോടെ ഉപഭോക്താക്കൾക്ക് ചെലവിൽ ആശ്വാസം ലഭിച്ചെങ്കിലും, ഭക്ഷ്യവസ്തുക്കളുടെയും താമസവുമായി ബന്ധപ്പെട്ട ചില ചെലവുകളുടെയും വർധനവ് കുടുംബ ബജറ്റുകളിൽ സമ്മർദം തുടരുന്നതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം, ആഗോള എണ്ണവില വീണ്ടും ഉയരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വരും മാസങ്ങളിലെ പണപ്പെരുപ്പ നിരക്ക് ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് നിരീക്ഷണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!