ദുബായ്: മൂന്നാഴ്ചയോളം നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ യുഎഇയിലെ അൽഹിന്ദ് പാസ്‌പോർട്ട് സേവന കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് രാജ്യത്തെ 16 കേന്ദ്രങ്ങളിൽ സേവനങ്ങൾ പുനരാരംഭിച്ചത്.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യൻ എംബസിയുടെയും അനുമതിയോടെയാണ് അൽഹിന്ദ് പ്രവർത്തനം ആരംഭിച്ചത്. പാസ്‌പോർട്ട്, വീസാ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങളാണ് നിലവിൽ ലഭ്യമാകുന്നത്.
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് പുതിയ നടപടി നൽകുന്നത്. ജൂലൈ ഒന്ന് മുതൽ അൽഹിന്ദിന് പാസ്‌പോർട്ട് സേവന കരാർ ലഭിച്ചിരുന്നെങ്കിലും, ടെൻഡർ നടപടികളെ ചോദ്യം ചെയ്ത് ചില സ്ഥാപനങ്ങൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതോടെ സേവനങ്ങൾ ആരംഭിക്കുന്നത് വൈകുകയായിരുന്നു.
ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടന്ന നിയമനടപടികൾക്ക് പിന്നാലെയാണ് മൂന്ന് മാസത്തേക്ക് അൽഹിന്ദിനെ സേവന ഏജൻസിയായി നിയോഗിക്കാൻ സുപ്രീം കോടതി അനുമതി നൽകിയത്.ജൂലൈ ഒന്ന് മുതൽ 21 വരെ അടിയന്തര സേവനങ്ങൾ മാത്രമാണ് ലഭിച്ചിരുന്നത്. അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലുമായിരുന്നു പരിമിത സേവനങ്ങൾ ലഭ്യമായിരുന്നത്. ഇതുമൂലം നിരവധി പ്രവാസികൾ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

സേവനങ്ങൾക്കായി consularsevainuae.com വെബ്‌സൈറ്റ് വഴി മുൻകൂട്ടി ബുക്കിങ് നടത്താം. സാധാരണ പാസ്‌പോർട്ടിന് 477 ദിർഹവും തത്കാൽ പാസ്‌പോർട്ടിന് 927 ദിർഹവുമാണ് ഫീസ്.തത്കാൽ പാസ്‌പോർട്ട് അപേക്ഷകർ, നവജാത ശിശുക്കളുടെ പാസ്‌പോർട്ട് അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ് ആവശ്യക്കാർ, 60 വയസിന് മുകളിലുള്ളവർ എന്നിവർക്ക് അപ്പോയിന്റ്മെന്റ് ആവശ്യമില്ല. ഇവർക്ക് നേരിട്ട് എത്തി സേവനം നേടാം.
അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ തുടങ്ങിയ എമിറേറ്റുകളിലായി അൽഹിന്ദിന്റെ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കും. സേവന കേന്ദ്രങ്ങളുടെ പൂർണ വിവരങ്ങൾ അൽഹിന്ദിന്റെ ഔദ്യോഗിക അറിയിപ്പുകളിൽ ലഭ്യമാണ്.
