ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ തീവ്രവാദി ആക്രമണമെന്ന സംശയം ശക്തമാകുന്നു. ആക്രമികളെ കണ്ടെത്താൻ സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചു.ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ അനന്ത്നാഗിലെ ലാൽ ചൗക്ക് മേഖലയിലാണ് സംഭവം. അമർനാഥ് തീർഥയാത്രയുടെ ഭാഗമായി സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് നേരെയാണ് അജ്ഞാതർ വെടിയുതിർത്തത്.വെടിയേറ്റ ആഷിഖ് ഹുസൈൻ ഖുറേഷി (35)യെ ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. കൂടുതൽ പൊലീസ്, സുരക്ഷാസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ആക്രമികളെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധനയും തിരച്ചിലും തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദി ആക്രമണമാണോയെന്ന് ഉൾപ്പെടെ എല്ലാ സാധ്യതകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
