Wednesday, July 22, 2026

ഹാന്റാവൈറസ് ആശങ്ക: വെനസ്വേലയിൽ മൂന്ന് മരണം; പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്ന് അധികൃതർ

കാരക്കാസ്: വെനസ്വേലയിൽ ഹാന്റാവൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അൻസോവാതെഗൂയി സംസ്ഥാനത്താണ് രോഗബാധിതരായ മൂന്ന് പേരുടെ മരണം റിപ്പോർട്ട് ചെയ്തത്. ബാരിനാസ് സംസ്ഥാനത്ത് മരിച്ച രണ്ട് ആരോഗ്യപ്രവർത്തകരുടെ മരണത്തിലും ഹാന്റാവൈറസ് ബാധയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

അൻസോവാതെഗൂയിയിലും ബാരിനാസിലുമുണ്ടായ മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും പൊതുജനങ്ങൾക്ക് നിലവിൽ വലിയ അപകടസാധ്യതയില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഹാന്റാവൈറസ് സാധാരണയായി എലികളിലൂടെ മനുഷ്യരിലേക്ക് പകരുന്ന വൈറസാണ്. രോഗബാധിത എലികളുടെ മൂത്രം, വിസർജ്യം, ഉമിനീർ എന്നിവയിലെ വൈറസ് കണങ്ങൾ വായുവിൽ കലരുകയും അവ ശ്വസിക്കുകയോ മലിനമായ ഭക്ഷണം കഴിക്കുകയോ ചെയ്താൽ രോഗം പകരാം. അപൂർവ സാഹചര്യങ്ങളിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

സമീപകാലത്ത് അർജന്റീനയിൽ നിന്ന് അന്റാർട്ടിക്കയിലേക്ക് പോയ ഒരു ക്രൂയിസ് കപ്പലിൽ ഹാന്റാവൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ആ സംഭവത്തിൽ മൂന്ന് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഹാന്റാവൈറസ് എന്താണ്?

ഹാന്റാവൈറസ് മനുഷ്യരിൽ പ്രധാനമായും രണ്ട് തരത്തിലുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാവൈറസ് പൾമണറി സിൻഡ്രോം (HPS), വൃക്കകളെ ബാധിക്കുന്ന ഹെമറാജിക് ഫീവർ വിത്ത് റീനൽ സിൻഡ്രോം (HFRS) എന്നിവയാണ് അവ. ഇതിൽ ശ്വാസകോശത്തെ ബാധിക്കുന്ന HPS ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാൻ സാധ്യതയുള്ളതാണ്.

ലക്ഷണങ്ങൾ

രോഗം ബാധിച്ച രണ്ടുമുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പനി, ക്ഷീണം, ശരീരവേദന, തലവേദന, ഛർദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. രോഗം ഗുരുതരമാകുമ്പോൾ ചുമ, ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ഹൃദയമിടിപ്പിലെ അസാധാരണതകൾ എന്നിവ ഉണ്ടാകാം. അടിയന്തര ചികിത്സ ലഭിക്കാത്ത പക്ഷം ജീവന് ഭീഷണിയാകാം.

ചികിത്സയും പ്രതിരോധവും

ഹാന്റാ വൈറസിന് മാത്രമായുള്ള ചികിത്സാരീതി ലഭ്യമല്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പിന്തുണയുമാണ് നൽകുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, എലികളുടെ ശല്യം നിയന്ത്രിക്കുക, എലികളുടെ വിസർജ്യവുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!