ഓട്ടവ: കാനഡ ദിനത്തിലുണ്ടായ (ജൂലൈ 1) ശക്തമായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ കൂടുതല്‍ പ്രദേശങ്ങളിലേക്ക് അടിയന്തര ദുരന്തസഹായ പദ്ധതി (DRAO) വ്യാപിപ്പിക്കാന്‍ നീക്കം. രാജ്യതലസ്ഥാനത്ത് പെയ്തിറങ്ങിയ 167 മില്ലീമീറ്റര്‍ വരെയുള്ള ശക്തമായ മഴയിലും ഇടിമിന്നലിലും ആയിരക്കണക്കിന് വീടുകളും സ്ഥാപനങ്ങളുമാണ് വെള്ളത്തിനടിയിലായത്.
ബാധിത പ്രദേശങ്ങളിലെ വീടുകളുടെ പുനരുദ്ധാരണത്തിനായി പ്രവിശ്യാ സര്‍ക്കാര്‍ ‘ഡിസാസ്റ്റര്‍ റിക്കവറി അസിസ്റ്റന്‍സ് ഫോര്‍ ഒന്റാരിയന്‍സ്’ (DRAO) പദ്ധതി പ്രഖ്യാപിച്ചെങ്കിലും, പ്രളയം രൂക്ഷമായി ബാധിച്ച സെന്റര്‍പോയിന്റ്, ക്രിസ്റ്റല്‍ ബീച്ച്, പാര്‍ക്ക്വുഡ് ഹില്‍സ് തുടങ്ങിയ പല പ്രമുഖ അയല്പക്കങ്ങളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ദുരന്തത്തിന്റെ വ്യാപ്തി പൂര്‍ണ്ണമായി മനസ്സിലാക്കാതെ പോയതാണ് ചില പ്രദേശങ്ങള്‍ പുറത്താകാന്‍ കാരണമായതെന്ന് ഓട്ടവ പാരാമെഡിക് ചീഫ് പിയറി പൊയ്റിയര്‍ വ്യക്തമാക്കി. പദ്ധതിയുടെ നിബന്ധനകള്‍ ഇളവ് ചെയ്ത് കൂടുതല്‍ ആളുകളിലേക്ക് സഹായം എത്തിക്കണമെന്ന് മേയര്‍ മാര്‍ക്ക് സട്ട്ക്ലിഫ് പ്രവിശ്യാ സര്‍ക്കാരിന് കത്തെഴുതുകയും ചെയ്തു.

അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്ന് പുനരധിവാസ ഘട്ടത്തിലേക്ക് നഗരം കടന്നിരിക്കുന്ന സാഹചര്യത്തില്‍, പ്രളയത്തെത്തുടര്‍ന്ന് കുന്നുകൂടിയ 3.8 ദശലക്ഷം കിലോഗ്രാം മാലിന്യങ്ങള്‍ നഗരത്തില്‍ നിന്ന് നീക്കം ചെയ്തു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഇതിനൊപ്പം ദുരിതബാധിതരെ സഹായിക്കാന്‍ നഗരസഭ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഡ്രെയിനേജ് അല്ലെങ്കില്‍ സീവേജ് തടസ്സം മൂലം വീടുകളില്‍ വെള്ളം കയറിയവര്‍ക്കായി നഗരസഭ പ്രഖ്യാപിച്ച 1,000 ഡോളറിന്റെ അടിയന്തര ഗ്രാന്റിനായി 1,600-ലധികം അപേക്ഷകള്‍ ലഭിക്കുകയും അതില്‍ പകുതിയോളം അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പ്രളയം കനത്ത നാശം വിതച്ച നിവാസികള്‍ക്ക് വസ്തുനികുതിയില്‍ ഇളവ് നല്‍കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കനേഡിയന്‍ റെഡ് ക്രോസ്സ് ഇതുവരെ 300 കുടുംബങ്ങള്‍ക്ക് നേരിട്ട് സഹായം എത്തിച്ചിട്ടുണ്ട്. പൂര്‍ണ്ണമായ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാതെയും പ്രവിശ്യാ പദ്ധതികള്‍ക്ക് അര്‍ഹതയുണ്ടോ എന്ന് ഉറപ്പില്ലാതെയും ബുദ്ധിമുട്ടുന്നവര്‍ക്കായി വിവിധ സ്ഥലങ്ങളില്‍ വിവരശേഖരണ സെഷനുകള്‍ സംഘടിപ്പിച്ചു വരികയാണെന്ന് റെഡ് ക്രോസ്സ് പ്രതിനിധികള്‍ വ്യക്തമാക്കി. അതേസമയം, നഗരസഭ നല്കിയ ആദ്യഘട്ട വിവരങ്ങള്‍ അനുസരിച്ചാണ് DRAO സഹായ പ്രദേശങ്ങള്‍ നിശ്ചയിച്ചതെന്ന് ഒന്റാറിയോ ഭവന നിര്‍മ്മാണ മന്ത്രാലയം അറിയിച്ചെങ്കിലും, ദുരന്തസഹായ പരിധി വിപുലീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
