Monday, July 27, 2026

‘പിന്തുണച്ച എല്ലാവര്‍ക്കും നന്ദി’; സോനം വാങ്ചുക് ആശുപത്രി വിട്ടു

ഡല്‍ഹി: നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് നിരാഹാര സമരം അനുഷ്ഠിച്ച പ്രമുഖ സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് ആശുപത്രി വിട്ടു. ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട അദ്ദേഹം ഡല്‍ഹിയിലെ രാജ് ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പ്രണാമമര്‍പ്പിക്കും. തനിക്കൊപ്പം ഉറച്ചുനില്‍ക്കുകയും സമരത്തിന് പിന്തുണ നല്‍കുകയും ചെയ്ത എല്ലാവര്‍ക്കും അദ്ദേഹം ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചു.

നീറ്റ് ക്രമക്കേടുകള്‍ക്കെതിരെ പ്രക്ഷോഭ രംഗത്തുള്ള ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ക്ക് (സി.ജെ.പി) പിന്തുണ പ്രഖ്യാപിച്ചായിരുന്നു സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരം ദിവസങ്ങള്‍ പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ആദ്യം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലും പിന്നീട് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലും പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കുകയുമായിരുന്നു.

കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ രാജ്യത്തെ പരമ്പരാഗത പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊന്നും സാധിക്കാതിരുന്ന വലിയൊരു രാഷ്ട്രീയ മുന്നേറ്റമാണ് കേവലം ഒന്നരമാസം കൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന യുവജന കൂട്ടായ്മ കെട്ടിപ്പടുത്തത്. തൊഴിലില്ലാത്ത ചെറുപ്പക്കാരെ ഉദ്ധരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ‘പാറ്റകള്‍’ (Cockroaches) എന്ന ആക്ഷേപകരമായ പരാമര്‍ശത്തെത്തന്നെ പ്രതിരോധായുധമാക്കിയാണ് ഈ പ്രസ്ഥാനം കെട്ടിപ്പടുത്തത്. ആ വിളി യുവത്വത്തിന് വലിയൊരു ഇന്ധനമായി തീരുകയായിരുന്നു.

യാതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും തണലില്ലാതെ കൃത്യമായ ലക്ഷ്യബോധത്തോടെയാണ് സി.ജെ.പി മുന്നോട്ടുപോയത്. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ കാര്യക്ഷമമായ ഉപയോഗം ആയിരക്കണക്കിന് യുവാക്കളെ ജന്തര്‍ മന്തറിലേക്ക് എത്തിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി എന്ന ഒരൊറ്റ ആവശ്യത്തില്‍ ഉറച്ചുനിന്ന സമരത്തിന് സോനം വാങ്ചുകിന്റെ നിരാഹാര സമരം വലിയ വൈകാരിക പിന്തുണയേകി. ഭാവിയുടെ വോട്ടര്‍മാരെ ഒന്നിച്ചു നിര്‍ത്തി സി.ജെ.പി അജണ്ട നിശ്ചയിച്ചപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അവര്‍ക്ക് പിന്നാലെ അണിനിരക്കേണ്ടി വന്നു. ഒടുവില്‍ തെരുവില്‍ ഇറങ്ങി പോരാടിയ ആ പ്രതിഷേധക്കാരുടെ നിശ്ചയദാര്‍ഢ്യം വിജയത്തിലെത്തിയിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!