Monday, July 27, 2026

നിയമലംഘകർക്ക് യാത്രാ സൗകര്യമൊരുക്കി; യമൻ സ്വദേശി അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിലെ ജിസാൻ മേഖലയിൽ അതിർത്തി സുരക്ഷാ നിയമം ലംഘിച്ച് രാജ്യത്തേക്ക് കടന്ന വിദേശികൾക്ക് യാത്രാസൗകര്യം ഒരുക്കാൻ ശ്രമിച്ച യമൻ പൗരനായ പ്രവാസിയെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മുജാഹിദീൻ പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു.അതിർത്തി സുരക്ഷാ നിയമം ലംഘിച്ച് സൗദിയിലേക്ക് പ്രവേശിച്ച അഞ്ച് എത്യോപ്യൻ പൗരന്മാരെ സ്വന്തം വാഹനത്തിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. തുടർന്ന് ഇയാളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പിടിയിലായ അഞ്ച് എത്യോപ്യൻ പൗരന്മാരെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.

അതിർത്തി നിയമലംഘകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായം നൽകുക, വാഹനങ്ങളിൽ കടത്തുക, താമസസൗകര്യം ഒരുക്കുക, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പിന്തുണ നൽകുക എന്നിവ സൗദി നിയമപ്രകാരം ഗുരുതര കുറ്റകൃത്യമാണെന്ന് അൽ മുജാഹിദീൻ വക്താവ് മുന്നറിയിപ്പ് നൽകി.

ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസത്തിനായി ഉപയോഗിച്ച കെട്ടിടങ്ങളും കണ്ടുകെട്ടുന്നതിനൊപ്പം കുറ്റവാളികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് അധികൃതർ അറിയിച്ചു.

അതിർത്തി നിയമലംഘകരെയും അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ അധികൃതരെ അറിയിക്കണമെന്ന് ഭരണകൂടം അഭ്യർഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിവരം കൈമാറാമെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!