ഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനത പാർട്ടി സംഘടിപ്പിച്ച സമരത്തിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ വിദ്യാർഥി അഭിനവ് ബിഷ്ടിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തു. @issac1rl എന്ന അക്കൗണ്ടിനെതിരെയാണ് ഡൽഹി പൊലീസിന്റെ നടപടി.
സമരവേദിയിൽ നിന്നുള്ള അഭിനവിന്റെ റീലുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബിഷ്ടിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഡൽഹി സമരത്തെ നിരന്തരം പിന്തുടർന്നവരും ഏറെയാണ്.സമരം ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം 5,000 ഉണ്ടായിരുന്ന ഫോളോവേഴ്സ് പിന്നീട് 5.7 ലക്ഷത്തിലേക്ക് ഉയരുകയായിരുന്നു.
‘മേരെ മെഹ്ബൂബ് ഖയാമത് ഹോഗി’ എന്ന ഗാനത്തിനൊപ്പമുള്ള അഭിനവിന്റെ റീൽ 15 കോടിയിലധികം തവണ കണ്ടതായാണ് റിപ്പോർട്ടുകൾ. ഇതോടെ സമൂഹമാധ്യമങ്ങളിൽ ‘നാഷണൽ ക്രഷ്’ എന്ന വിശേഷണത്തോടെയും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.അക്കൗണ്ട് സസ്പെൻഡ് ചെയ്തെങ്കിലും പുതിയ അക്കൗണ്ടിലൂടെ അഭിനവ് വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അധിക്ഷേപപരമായ വീഡിയോകളും പോസ്റ്റുകളും നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ് അടുത്തിടെ ടെക് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ നിരീക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിനവിന്റെ അക്കൗണ്ടിനെതിരെയും നടപടി ഉണ്ടായത്.
ജൂലൈ 20-ന് നടന്ന പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട റീലുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, സമരത്തിൽ പങ്കെടുത്തവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ മറ്റ് നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ സിജെപിക്ക് ഉറപ്പ് നൽകിയിരുന്നു.
