Tuesday, July 28, 2026

ഇറാഖിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനങ്ങള്‍; ഇറാന്റെ ആക്രമണമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ഉണ്ടായ ശക്തമായ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയില്‍ ഇറാന്റെ ഭാഗത്തുനിന്ന് കനത്ത ഡ്രോണ്‍ ആക്രമണമുണ്ടായിട്ടുണ്ട്. എര്‍ബിലില്‍ മാത്രം ഏഴ് തവണ സ്ഫോടനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ ആക്രമണങ്ങളെ പ്രതിരോധിക്കാനായി പത്തിലേറെ യുഎസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും ആകാശത്ത് സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.

ഇറാഖിലെ ഊര്‍ജ വിതരണത്തിന്റെ ഏറിയ പങ്കും നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വാതകപ്പാടമായ ഖോര്‍ മോറിന് നേരെയും ആക്രമണം നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സംഭവവികാസങ്ങള്‍ മേഖലയിലെ സുരക്ഷാ സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. അതേസമയം, ഇറാനുമായി മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ തുടരുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചകള്‍ക്കായി അനന്തമായി സമയം അനുവദിക്കാനാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. മധ്യസ്ഥരാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് ചര്‍ച്ചകള്‍ പുനരാരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, നിയമവിരുദ്ധമായ നാവിക ഉപരോധത്തിന് അമേരിക്ക ശ്രമിച്ചാല്‍ സംഘര്‍ഷം രൂക്ഷമാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഈ അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ക്കിടയില്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച വാഷിങ്ടണ്ണില്‍ നടക്കും. കൂടാതെ, ട്രംപും ഉക്രേനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും വൈറ്റ് ഹൗസില്‍ വച്ച് ചര്‍ച്ചകള്‍ നടത്തും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!