Tuesday, July 28, 2026

‘കാട്ടുതീ തടയാൻ ദീർഘകാല പദ്ധതികൾ അനിവാര്യം’; ട്രംപിന്റെ വിമർശനത്തിനിടെ കാനഡ വിദഗ്ധരുടെ നിർദേശം

ഓട്ടവ: കാട്ടുതീയിൽ നിന്നുള്ള പുക അമേരിക്കയിലേക്ക് വ്യാപിക്കുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും വിമർശനം ശക്തമാക്കിയിരിക്കെ, കാട്ടുതീ പൂർണമായും തടയാനാകില്ലെന്നും അതിന്റെ ആഘാതം കുറയ്ക്കാൻ ദീർഘകാല പ്രതിരോധ നടപടികളാണ് വേണ്ടതെന്നും കാനഡയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ കാനഡയിലുണ്ടായ കാട്ടുതീയിൽ നിന്നുള്ള പുക അമേരിക്കയുടെ വായുവിനെ മലിനമാക്കുകയാണെന്ന് ട്രംപ് ആരോപിക്കുകയും ഇതിന്റെ പേരിൽ കാനഡയ്‌ക്കെതിരെ തീരുവ ചുമത്തുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കാട്ടുതീയുടെ വ്യാപ്തിയും തീവ്രതയും വർധിച്ച സാഹചര്യത്തിൽ എല്ലാ തീപിടിത്തങ്ങളും നിയന്ത്രിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

കനേഡിയൻ വൈൽഡ്‌ലാൻഡ് ഫയർ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ കണക്കുകൾ പ്രകാരം, തിങ്കളാഴ്ച വരെ രാജ്യത്താകെ 900-ലധികം കാട്ടുതീകൾ സജീവമായിരുന്നു. 2026-ൽ ഇതുവരെ 3.7 ദശലക്ഷം ഹെക്ടറിലധികം വനഭൂമി കത്തിനശിച്ചു. ഒന്റാരിയോയിലെ നിരവധി ആദിവാസി സമൂഹങ്ങൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങളും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.

കാട്ടുതീയുടെ അപകടസാധ്യത കുറയ്ക്കാൻ ‘ഫയർസ്മാർട്ട്’ പദ്ധതികൾ, ഫയർഗാർഡുകൾ (തീ പ്രതിരോധ മേഖലകൾ), തദ്ദേശീയരുടെ പരമ്പരാഗത ‘കൾച്ചറൽ ബേണിംഗ്’ രീതി എന്നിവ കൂടുതൽ വ്യാപകമാക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. തീപിടിത്ത സാധ്യത കുറയ്ക്കുന്ന രീതിയിലുള്ള വീടുകളുടെ നിർമ്മാണങ്ങൾ, തീപിടിക്കാവുന്ന വസ്തുക്കളുടെ സുരക്ഷിത സംഭരണം, തീയെ പ്രതിരോധിക്കുന്ന സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ എന്നിവ ഫയർസ്മാർട്ട് പദ്ധതിയുടെ ഭാഗമാണ്.

സമൂഹങ്ങളെ സംരക്ഷിക്കാൻ വനപ്രദേശങ്ങൾക്കും താമസമേഖലകൾക്കും ഇടയിൽ ഫയർഗാർഡുകൾ സൃഷ്ടിക്കുന്നതും പ്രധാന നടപടികളിലൊന്നാണെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ആദിവാസി സമൂഹങ്ങൾ വർഷങ്ങളായി പിന്തുടരുന്ന ‘കൾച്ചറൽ ബേണിംഗ്’ രീതിയിലൂടെ ഉണങ്ങിയ സസ്യാവശിഷ്ടങ്ങൾ നിയന്ത്രിതമായി കത്തിച്ച് ഭാവിയിലെ വലിയ കാട്ടുതീയുടെ സാധ്യത കുറയ്ക്കാനാകുമെന്നും വിദഗ്ധർ പറയുന്നു.

എന്നിരുന്നാലും, ഇത്തരം പ്രതിരോധ നടപടികൾ മാത്രം മതിയാകില്ലെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാൻ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കേണ്ടത് അനിവാര്യമാണെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി. ദീർഘകാലാടിസ്ഥാനത്തിൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കുന്നതാണ് കാട്ടുതീയുടെ തീവ്രത നിയന്ത്രിക്കുന്നതിൽ നിർണായകമാകുകയെന്നും അവർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!