തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അജിത് കുമാർ നൽകിയ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടിയ ശേഷമാണ് ട്രൈബ്യൂണലിന്റെ നടപടി.ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് അജിത് കുമാറിനെ സർക്കാർ സസ്‌പെൻഡ് ചെയ്തത്.
നിയമവിരുദ്ധമായ ഇടപെടൽ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അജിത് കുമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. സംഭവദിവസം വയനാട് ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നതിനാൽ കേസുമായി ബന്ധപ്പെട്ട ഇടപെടലുകൾ നടത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

എന്നാൽ, പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ അജിത് കുമാർ ഇടപെട്ടുവെന്ന അന്വേഷണ റിപ്പോർട്ടാണ് നടപടിക്ക് ആധാരമായത്.
കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. അജിത് കുമാറിന്റെ ഇടപെടൽ നിയമപരമല്ലെന്നും അത് കേസിലെ ഇരകൾക്ക് നീതി നിഷേധിക്കാനും പ്രതികൾക്ക് നിയമനടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കാനും കാരണമായെന്നും എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസിൽ ആദ്യം അന്വേഷണം നടത്തിയ മൂന്ന് ഡിവൈഎസ്പിമാർക്കും എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാർക്കുമെതിരെ സസ്‌പെൻഷൻ നടപടികൾ ഉണ്ടായേക്കുമെന്നാണ് വിവരം.
